ഇന്ത്യൻ ക്രിക്കറ്റിൽ എന്നെന്നും ഓപ്പണർമാർ സുലഭമാണ്. എല്ലായിപ്പോഴും ഇന്ത്യയ്ക്ക് മികച്ച ഓപ്പണർമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാരാണ് എന്ന ചോദ്യം പലരെയും കുഴപ്പിക്കാൻ സാധ്യതയുണ്ട്.
വീരേന്ദർ സേവാഗും വസീം ജാഫറും രോഹിത് ശർമയുമടക്കം ഒരുപാട് താരങ്ങൾ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണർമാരായി രംഗത്തെത്തിയിട്ടുണ്ട്. സേവാഗ് ഇതിൽ രണ്ടുതവണ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയ താരമാണ്.
അതിനാൽ തന്നെ പലരും മികച്ച ഓപ്പണറായി കണക്കാക്കുന്നത് സേവാഗിനെയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയാണ്.
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർ സുനിൽ ഗവാസ്കറാണ് എന്ന് രവി ശാസ്ത്രി പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് സ്വന്തമാക്കിയ താരമാണ് സുനിൽ ഗവാസ്കർ. മാത്രമല്ല ഇന്ത്യക്കായി 34 ടെസ്റ്റ് സെഞ്ച്വറികളും ഗവാസ്കർ നേടിയിട്ടുണ്ട്.
പക്ഷേ ഗവാസ്കറിന് ശേഷമുള്ള ഇന്ത്യയുടെ ബെസ്റ്റ് ഓപ്പണർ ആര് എന്ന ചോദ്യത്തിന് രവി ശാസ്ത്രി നൽകിയ ഉത്തരമാണ് ഇപ്പോൾ പലരെയും ഞെട്ടിച്ചിരിക്കുന്നത്. സേവാഗിനെയും രോഹിത് ശർമയെയും എല്ലാം മാറ്റിനിർത്തി മുരളി വിജയെയാണ് ശാസ്ത്രി മികച്ച ഓപ്പണറായി തിരഞ്ഞെടുത്തിരിക്കുന്നത്.
ശാസ്ത്രിയുടെ തിരഞ്ഞെടുപ്പിനെ പലരും വളരെ വിചിത്രമായാണ് കാണുന്നത്. ശാസ്ത്രിയുടെ ഈ അഭിപ്രായം പുറത്തു പറഞ്ഞത് ഇന്ത്യയുടെ മുൻ ബോളിങ് കോച്ചായ ഭരത് അരുൺ ആണ്.
“എനിക്ക് ചെറുപ്പം മുതൽ പരിചയമുള്ള ഇന്ത്യൻ ബാറ്റർമാരിൽ ഒരാളാണ് മുരളി വിജയ്. ആദ്യമായി മുരളിയെ ഞാൻ കാണുന്നത് കോളേജിൽ വെച്ചാണ്. അവനെ മറ്റൊരു ഫസ്റ്റ് ഡിവിഷൻ ടീമിലേക്ക് സെലക്ട് ചെയ്തത് ഞാനായിരുന്നു. ശേഷം അവന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.”
“സുനിൽ ഗവാസ്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർ മുരളി വിജയാണെന്ന് രവി ശാസ്ത്രി പലപ്പോഴും പറയാറുണ്ട്. എന്നെ സംബന്ധിച്ചും വളരെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുരളി വിജയ്.”- ഭരത് അരുൺ പറയുന്നു.
ഇന്ത്യക്കായി തന്റെ ടെസ്റ്റ് കരിയറിൽ 61 മത്സരങ്ങളാണ് മുരളി വിജയ് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 3982 റൺസ് മുരളി വിജയ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ ടെസ്റ്റ് ഓപ്പണർമാരിൽ നാലാം സ്ഥാനത്താണ് നിലവിൽ മുരളി വിജയ് നിൽക്കുന്നത്.
തന്റെ കരിയറിൽ 12 സെഞ്ചുറികളാണ് മുരളി വിജയ് നേടിയിട്ടുള്ളത്. 167 ആണ് മുരളിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്കോർ. പലപ്പോഴും ക്ലാസിക് ശൈലിയിൽ കളിക്കുന്ന ബാറ്ററാണ് മുരളി വിജയി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കിടിലൻ പ്രകടനങ്ങൾ മുരളി വിജയ് കാഴ്ച വച്ചിരുന്നു.