മാധ്യമങ്ങളെ സുഹൃത്തുക്കളാക്കി ഞാൻ ആ തന്ത്രം പ്രയോഗിക്കും. എതിരാളികളെ വിറപ്പിച്ച അശ്വിന്റെ തന്ത്രം.

ashwin scaled

ഇതിനോടകം തന്നെ ഇന്ത്യൻ ടീമിനായി ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇതിഹാസ താരമായ അശ്വിൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇന്ത്യയുടെ പല ഐതിഹാസിക ടെസ്റ്റ് വിജയങ്ങളിലും നിർണായക പങ്കു തന്നെയായിരുന്നു അശ്വിൻ വഹിച്ചത്.

2020-21 ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും അശ്വിൻ ഇത്തരത്തിൽ മാതൃക പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. പരമ്പരയിൽ 12 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. ഇത്തരത്തിൽ പലപ്പോഴും എതിരാളികളുടെ തന്ത്രം മനസ്സിലാക്കി മുൻപിലേക്ക് പോകാൻ അശ്വിന് സാധിക്കുന്നുണ്ട്. അതിന് താൻ ഉപയോഗിക്കുന്ന വഴികളെ പറ്റി അശ്വിൻ സംസാരിക്കുകയുണ്ടായി.

പലപ്പോഴും മാധ്യമ പ്രവർത്തകരെ കൂട്ടുകാരായി നിർത്തി മറ്റു താരങ്ങളുടെ പരിശീലന വീഡിയോകൾ പരിശോധിച്ചാണ് താൻ മുൻപിലേക്ക് പോകാറുള്ളത് എന്ന് അശ്വിൻ പറഞ്ഞു. “ചില സമയങ്ങളിൽ മാധ്യമ പ്രവർത്തകരെ ഞാൻ സുഹൃത്തുക്കളാക്കി മാറ്റാറുണ്ട്. അതുവഴി എനിക്ക് മറ്റ് ടീമിലെ ബാറ്റർമാരുടെ പരിശീലന വീഡിയോകൾ ലഭിക്കും. അന്ന് ഞാൻ ഓസ്ട്രേലിയയിൽ ആയിരുന്ന സമയത്ത് മാർനസിന്റെയും സ്മിത്തിന്റെയും ബാറ്റിംഗ് വീഡിയോകൾ ഇത്തരത്തിൽ ലഭിച്ചിരുന്നു.”

“അവർ അവരുടെ ശരീരം ഉപയോഗിക്കുന്ന രീതിയും മറ്റും മനസ്സിലാക്കാൻ സാധിച്ചു. അത് ഒരുപാട് ഉപകാരപ്രദമായി. മനുഷ്യൻ എല്ലായിപ്പോഴും തന്റെ സുരക്ഷയെ ഓർത്ത് ആശങ്കപ്പെടുന്നവരാണ്. അവരെക്കാൾ മികച്ചവർ എതിരെ നിൽക്കുന്നവരാണ് എന്ന് തോന്നിയാൽ തന്നെ നമ്മൾ പകുതി മത്സരം വിജയിച്ചു കഴിഞ്ഞു.”- അശ്വിൻ പറയുന്നു.

See also  "സഞ്ജുവിന് ഞാൻ 100 മാർക്ക് കൊടുക്കുന്നു. തകർപ്പൻ തന്ത്രങ്ങൾ"- പ്രശംസയുമായി ബോണ്ട്‌.

ഒപ്പം ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബാറ്റർമാരുടെ സ്പിന്നിനെതിരെയുള്ള പ്രകടനത്തെ അശ്വിൻ പ്രശംസിക്കുകയും ചെയ്തു. “എനിക്ക് തോന്നുന്നത് ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബാറ്റർമാർ സ്പിന്നിനെതിരെ പല സാഹചര്യത്തിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട് എന്നാണ്. കാരണം ഇന്ത്യൻ സാഹചര്യത്തിൽ സ്പിൻ എന്നത് വളരെ വലിയ വെല്ലുവിളിയാണ് എന്നവർക്ക് പൂർണ്ണ ബോധ്യമുണ്ട്.”

“വർഷങ്ങൾ കടന്നു പോകുമ്പോൾ അവർ സ്പിന്നിനെതിരെ കളിക്കാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നു. ഇപ്പോൾ ഇന്ത്യൻ ടീം സീമിനും ബൗൺസിനുമെതിരെ കളിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതുപോലെ അവരും മുൻപിലേക്ക് വരുന്നുണ്ട്.”- അശ്വിൻ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് ബോൾ ചെയ്യാൻ ഏറ്റവും താല്പര്യം ആർക്കെതിരെയാണ് എന്നതിനെപ്പറ്റിയും അശ്വിൻ സംസാരിക്കുകയുണ്ടായി. “സ്റ്റീവൻ സ്മിത്തിനെതിരെ പന്തറിയാൻ എനിക്ക് വലിയ ഇഷ്ടമാണ്. കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർക്കെതിരെ പന്തെറിയുമ്പോളും വലിയ സന്തോഷമുണ്ട്. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരാണ് ഇവരൊക്കെയും.”- അശ്വിൻ പറഞ്ഞു വയ്ക്കുന്നു.

മാർച്ച് 7ന് ധർമശാലയിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. മത്സരത്തിൽ അശ്വിന്റെ പ്രകടനം നിർണായകമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top