റെയ്‌നയും കോഹ്ലിയുമല്ല, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്.

india 2023

ബാറ്റിംഗും ബോളിംഗും പോലെ തന്നെ ആധുനിക ക്രിക്കറ്റിൽ വളരെ പ്രധാനപ്പെട്ടതാണ് ഫീൽഡിങ്. മികച്ച ഫീൽഡർമാർ ടീമിലുണ്ടെങ്കിൽ ഒരു ടീമിന് വിജയം സ്വന്തമാക്കുക എന്നത് കൂടുതൽ അനായാസമായി മാറുന്നു. ഒരുപാട് മികച്ച ഫീൽഡർമാർ അണിനിരന്ന ടീമാണ് ഇന്ത്യ.

മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, വിരാട് കോഹ്ലി തുടങ്ങി വമ്പൻ ഫീൽഡർമാർ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. ഇപ്പോഴത്തെ ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫീൽഡിങ് പ്രകടനങ്ങൾ പുറത്തെടുക്കുന്നത് ഇന്ത്യയുടെ ഓർറൗണ്ടർ രവീന്ദ്ര ജഡേജയാണ് എന്ന് റോഡ്സ് പറയുന്നു.

മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട മികച്ച ഫീൽഡർമാർ റെയ്നയും കോഹ്ലിയുമാണ് എന്നും ജോണ്ടി പറയുകയുണ്ടായി. “ഫീൽഡിങ്ങിൽ എല്ലായിപ്പോഴും മികവ് പുലർത്താൻ സാധിക്കുന്ന 2 താരങ്ങൾ ഇന്ത്യൻ ടീമിനുണ്ട്. അതിൽ ഒരാൾ സുരേഷ് റെയ്നയും മറ്റൊരാൾ രവീന്ദ്ര ജഡേജയുമാണ്. ഏറ്റവും മികച്ച ഇന്ത്യൻ ഫീൽഡർമാരിൽ രണ്ടുപേരാണ് അവർ. എന്നാൽ ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോൾ ഉറപ്പായും രവീന്ദ്ര ജഡേജ തന്നെയാണ് ഇന്ത്യയുടെ മികച്ച ഫീൽഡർ. നമ്മൾ ജഡേജയെ സാർ ജഡേജ എന്നാണ് വിളിക്കുന്നത്.”- റോഡ്സ് പറയുന്നു.

Read Also -  2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

എന്തുകൊണ്ടാണ് രവീന്ദ്ര ജഡേജയെ ഏറ്റവും മികച്ച ഫീൽഡറായി താൻ കാണുന്നത് എന്നതിന്റെ കാരണവും റോഡ്സ് പറയുകയുണ്ടായി. ഏത് പൊസിഷനിലും ഫീൽഡ് ചെയ്യാൻ സാധിക്കുന്ന ചുരുക്കം ചില ഫീൽഡർമാരിൽ ഒരാളാണ് ജഡേജ എന്ന ജോണ്ടി റോഡ്സ് കരുതുന്നു. മാത്രമല്ല തന്റെ ചലനങ്ങൾ ഏറ്റവും വേഗതയിലാക്കാനുള്ള കഴിവ് ജഡേജയ്ക്ക് ഉണ്ടെന്ന് ജോണ്ടി പറയുന്നു. ഇതൊക്കെയും ക്രീസിൽ നിൽക്കുന്ന ബാറ്റർമാരിൽ ഭയം ഉണ്ടാക്കുന്നു എന്നാണ് താരത്തിന്റെ അഭിപ്രായം. മാത്രമല്ല ഇന്ത്യയുടെ സമീപകാലത്തെ വിജയത്തിൽ ജഡേജയുടെ ഫീൽഡിങ് മികവുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നും ജോണ്ടി വാദിക്കുന്നു.

“അവന് എല്ലാ പൊസിഷനിലും ഫീൽഡ് ചെയ്യാൻ സാധിക്കുമെന്ന കാരണം കൊണ്ടാണ് ഞാൻ അവനെ മികച്ച ഫീൽഡറായി തിരഞ്ഞെടുക്കുന്നത്. മിഡ്വിക്കറ്റിലോ ലോങ്‌ ഓണിലോ ഷോട്ട് കവറിലോ നമുക്ക് അവനെ ഫീൽഡിന് നിർത്താൻ സാധിക്കും. പെട്ടെന്നു തന്നെ ബോളിന്റെ അടുത്തേക്ക് ഓടിയടുക്കാനുള്ള കഴിവ് അവനെ വ്യത്യസ്തനാക്കുന്നു. പല ബാറ്റർമാർക്കും അവനെ ഭയമാണ്. അവന്റെ അടുത്തേക്ക് ബോൾ എത്തുമ്പോൾ എല്ലാ ബാറ്റർമാരും ഭയപ്പെടുന്നു. ക്യാച്ചിങ്ങും ത്രോയിങ്ങും ഒഴിച്ചുനിർത്തിയാലും, ഏറ്റവും വേഗത്തിൽ പന്തിനടുത്തേക്ക് ചെല്ലാൻ സാധിക്കും എന്നത് ജഡേജയുടെ ഒരു പ്രത്യേകതയാണ്.”- ജോണ്ടി റോഡ്സ് കൂട്ടിച്ചേർക്കുന്നു.

Scroll to Top