രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിന് ഒരിക്കലും തന്നെ വളരെ സന്തോഷകരമായ വാർത്തകളല്ല നൽകുന്നത്. നേരത്തെ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ജയിച്ച് 1-0ന് ടെസ്റ്റ് പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും ഈ തോൽവി സമ്മാനിച്ചത് കനത്ത തിരിച്ചടി.
വമ്പൻ സ്കോർ നേടാൻ കഴിയാതെ രണ്ട് ഇന്നിങ്സിലും ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നപ്പോൾ നിർണായക രണ്ടാമത്തെ ഇന്നിങ്സിൽ ബൗളിംഗ് നിരക്ക് തങ്ങൾ പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.സിറാജിന്‍റെ പരിക്കും വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്‍റെ മോശം ബാറ്റിങ് ഫോമും ഇന്ത്യൻ ക്യാമ്പിൽ ആശങ്കൾ സൃഷ്ടിക്കുമ്പോൾ നായകൻ വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിലേക്ക് തിരികെ എത്തുന്നത് ആശ്വാസവാർത്തയാണ്.
അതേസമയം വാണ്ടറേഴ്സിലെ തോൽവി ഇന്ത്യൻ ടെസ്റ്റ് ടീം ഈ മണ്ണിൽ ആദ്യമായി വഴങ്ങുന്ന തോൽവി കൂടിയാണ്. കോഹ്ലിയുടെ അഭാവത്തിൽ രാഹുലാണ് ടീമിനെ നയിച്ചത്.ലോകേഷ് രാഹുൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായിട്ടാണ് ടീമിനെ നയിക്കുന്നത്. രാഹുലിന്റെ ക്യാപ്റ്റൻസിയിലെ ചില തെറ്റുകളാണ് രണ്ടാം ടെസ്റ്റിൽ തോൽവിക്കുള്ള കാരണം എന്ന് മുൻ താരങ്ങൾ അടക്കം ഇതിനകം അഭിപ്രായപ്പെട്ട് കഴിഞ്ഞു.
ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. രാഹുലായിരുന്നില്ല ടെസ്റ്റ് ടീമിനെ നയിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ വസീം ജാഫർ രഹാനെ പോലൊരു സീനിയർ താരം ടീമിലുള്ളപ്പോൾ അദ്ദേഹത്തിനാണ് ഫസ്റ്റ് ചോയിസ് ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകേണ്ടിയിരുന്നതെന്നും വസീം ജാഫർ വ്യക്തമാക്കി.
” വിരാട് കോഹ്ലി എന്നുള്ള ക്യാപ്റ്റനെ എല്ലാ അർഥത്തിലും ഇന്ത്യൻ ടീം ഈ ഒരു ടെസ്റ്റ് മത്സരത്തിൽ മിസ്സ് ചെയ്തിട്ടുണ്ട്. കോഹ്ലി ഫീൽഡിൽ കാണിക്കാറുള്ള ഊർജവും അദ്ദേഹം താരങ്ങൾക്ക് എല്ലാം നൽകാറുള്ള ആത്മവിശ്വാസവുമെല്ലാം രണ്ടാം ടെസ്റ്റിൽ നമുക്ക് നഷ്ടമായി.വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായകന്റെ റോൾ രാഹുലിന് നൽകാനുള്ള തീരുമാനത്തോട് ഞാൻ ഒരിക്കലും തന്നെ യോജിക്കുന്നില്ല.
രഹാനെയെയാണ് രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കേണ്ടിയിരുന്നത്. അദ്ദേഹം മുൻപ് ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലി അഭാവത്തിൽ നയിച്ചിരുന്നു. കൂടാതെ അന്ന് നമ്മൾ എല്ലാ പ്രതിസന്ധികളും നേരിട്ട് പരമ്പര നേടിയിരുന്നു. “വസീം ജാഫർ നിരീക്ഷിച്ചു.