കോഹ്ലിയും രോഹിതുമല്ല, നിലവിൽ സ്പിന്നിനെ ഏറ്റവും നന്നായി നേരിടുന്ന ഇന്ത്യൻ താരം അവനാണ്. കൈഫ്‌ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കായി വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ശ്രേയസ് അയ്യർ. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കെതിരെ പൊരുതിയാണ് അയ്യർ കളിച്ചത്. തുടക്കത്തിൽ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയേയും ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും നഷ്ടമായ സാഹചര്യത്തിൽ ആയിരുന്നു മത്സരത്തിൽ അയ്യർ എത്തിയത്. ശേഷം വിരാട് കോഹ്ലിക്കൊപ്പം ചേർന്ന് ഒരു തട്ടു പോളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ മത്സരത്തിൽ ശ്രേയസ് അയ്യർക്ക് സാധിച്ചു. മത്സരത്തിൽ അയ്യർ 87 പന്തുകൾ നേരിട്ട് 77 റൺസാണ് നേടിയത്. ഇത് ഇന്ത്യയെ മത്സരത്തിൽ വലിയൊരു സ്കോറിലെത്തിക്കാൻ സഹായകരമായി മാറി. ഈ സാഹചര്യത്തിൽ അയ്യരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

ഇന്ത്യൻ ടീമിൽ സ്പിന്നർമാർക്കെതിരെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ശ്രേയസ് അയ്യരാണ് എന്ന് മുഹമ്മദ് കൈഫ് പറയുന്നു. അയ്യരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷമാണ് കൈഫിന്റെ ഈ പ്രസ്താവന. ശ്രീലങ്കക്കെതിരെ മുംബൈയിൽ നടന്ന മത്സരത്തിലും അയ്യർ അർധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനുള്ള അയ്യരുടെ കഴിവ് അപാരമാണ് എന്ന് കൈഫ് പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 ബൗണ്ടറികളും 2 സിക്സറുകളും മധ്യ ഓവറുകളിൽ അയ്യർ സ്വന്തമാക്കിയിരുന്നു. മാത്രമല്ല മധ്യ ഓവറുകളിൽ കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള അയ്യരുടെ കഴിവിനെയും കൈഫ് പ്രശംസിച്ചു.

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു കൈഫ് തന്റെ പ്രസ്താവനകൾ വെളിപ്പെടുത്തിയത്. “ശ്രേയസ് അയ്യര്‍ സ്പിന്നിനെതിരെ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന താരമാണ്. അദ്ദേഹത്തിനൊപ്പം ഐപിഎല്ലിൽ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ശ്രേയസ് അയ്യരെക്കാൾ നന്നായി സ്പിന്നിനെതിരെ കളിക്കുന്ന മറ്റൊരു താരം നിലവിലെ ഇന്ത്യൻ ടീമിലില്ല. കാരണം സിംഗിളുകൾ എടുത്തും സ്ട്രെയിറ്റ് സിക്സറുകൾ നേടിയും ശ്രേയസ് അയ്യർക്ക് സ്പിന്നർമാരെ അനായാസം സമ്മർദ്ദത്തിലാക്കാൻ സാധിക്കും.”- കൈഫ് പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പല സമയത്തും ക്രീസിൽ നിന്ന് നടന്നു കയറി അയ്യർ സിക്സറുകൾ നേടിയിരുന്നു എന്ന് കൈഫ് പറയുന്നു. സ്പിൻ ബോളർമാർ മധ്യ ഓവറുകളിൽ എത്ര മികച്ച പ്രകടനം നടത്തിയാലും അയ്യരുടെ ബാറ്റിൽ നിന്നുള്ള റൺസിന്റെ ഒഴുക്ക് തടയാൻ സാധിക്കില്ല എന്നാണ് കൈഫ് കൂട്ടിച്ചേർക്കുന്നത്. മാത്രമല്ല മത്സരത്തിൽ അയ്യരുടെ ബാറ്റിംഗ് പ്രകടനം വിരാട് കോഹ്ലിക്ക് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ സഹായകരമായി മാറി എന്നും കൈഫ് പറയുകയുണ്ടായി. മത്സരത്തിൽ മൂന്നാം വിക്കറ്റിൽ ഇരു ബാറ്റർമാരും ചേർന്ന് 134 റൺസിന്റെ ഉഗ്രൻ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. വരും മത്സരങ്ങളിലും അയ്യർ ഇത്തരത്തിൽ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ

Previous articleസാമ്പയെ ഇറക്കാൻ മാക്സ്വൽ സമ്മതിച്ചില്ല. അവന് മത്സരം വിജയിപ്പിക്കണമായിരുന്നു. കമ്മിൻസ് പറയുന്നു.
Next articleമാക്സ്വെൽ എഴുതിയ ചരിത്രം. അപൂർവ റെക്കോർഡുകളിൽ കപിൽ ദേവിനെ വരെ മറികടന്നു.