സാമ്പയെ ഇറക്കാൻ മാക്സ്വൽ സമ്മതിച്ചില്ല. അവന് മത്സരം വിജയിപ്പിക്കണമായിരുന്നു. കമ്മിൻസ് പറയുന്നു.

cummins and

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അവിശ്വസനീയ ഇന്നിങ്സ് തന്നെയാണ് മാക്സ്വെൽ കാഴ്ചവെച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു മത്സരത്തിൽ പിറന്നത്. മാക്സ്വെല്ലിന്റെ ഈ അമാനുഷിക ഇന്നിങ്സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ വിജയം നേടിയത്. മത്സരത്തിൽ 128 പന്തുകൾ നേരിട്ട് മാക്സ്വെൽ 201 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്നിങ്സിൽ 21 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. മാത്രമല്ല ഈ തകർപ്പൻ ഇന്നിങ്സോടെ ഓസ്ട്രേലിയയെ ഒരു അവിശ്വസനീയ വിജയത്തിലെത്തിക്കാനും മാക്സ്വെല്ലിന് സാധിച്ചു. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മത്സരത്തിലെ മാക്‌സ്വെല്ലിന്റെ ഇന്നിംഗ്സിനെ പറ്റി ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് സംസാരിക്കുകയുണ്ടായി.

തനിക്ക് ഇതൊരു സ്വപ്നം പോലെയാണ് തോന്നുന്നത് എന്ന് ഓസ്ട്രേലിയൻ നായകൻ കമ്മിൻസ് പറഞ്ഞു. “അവിശ്വസനീയം.. എങ്ങനെയാണ് മാക്സ്വെല്ലിന്റെ ഇന്നിംഗ്സിനെ വിശേഷിപ്പിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല. വലിയൊരു വിജയം തന്നെയായിരുന്നു ഇത്. ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ കാര്യം തന്നെയാണ് മത്സരത്തിൽ നടന്നത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആളുകൾക്ക് എന്നെന്നും ഓർത്തുവയ്ക്കുന്ന തരത്തിൽ ഒരു മത്സരമാണ് നടന്നത്. മാക്സ്വെൽ എല്ലായിപ്പോഴും മികച്ച ഒരു താരമാണ്. അയാൾ എപ്പോഴും ശാന്തനായാണ് കാണപ്പെടാറുള്ളത്. എപ്പോഴും മാക്സ്വെല്ലിന് ഒരു പ്ലാനും ഉണ്ടാകും.”- കമ്മിൻസ് പറഞ്ഞു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

“200 റൺസിന് പിന്നിൽ നിന്ന് മത്സരം വിജയിക്കാൻ സാധിച്ചെങ്കിൽ അതൊരു സ്പെഷ്യൽ പ്രതീതി തന്നെയാണ്. ഞങ്ങളെ സംബന്ധിച്ച് രണ്ട് വാലറ്റ ബാറ്റർമാർ കൂടി ഡഗൗട്ടിൽ ഉണ്ടായിരുന്നു. ഇതിൽ സാമ്പ 1-2 തവണ മൈതാനത്തേക്ക് ഇറങ്ങാൻ തയ്യാറായതാണ്. പക്ഷേ മാക്സ്വെല്ലിന് മൈതാനത്ത് തുടരേണ്ടതുണ്ടായിരുന്നു. എവിടെ നിന്നാണെങ്കിലും മത്സരത്തിൽ വിജയിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ടീമിലും താരങ്ങളിലും വിശ്വാസം ഉണ്ടായിരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ഇപ്പോൾ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്.”- കമ്മിൻസ് കൂട്ടിച്ചേർത്തു.

“മത്സരത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന കാര്യങ്ങൾ സമയവും സ്ഥലവും തന്നെയാണ്. ഇവിടെ ടോസ് അല്പം റോൾ വഹിക്കുകയുണ്ടായി. ആദ്യ 20 ഓവറുകളാണ് മത്സരത്തിൽ പ്രധാനമായി മാറിയത്. എന്നിരുന്നാലും മത്സരത്തിൽ മെച്ചപ്പെടുത്താവുന്ന ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് മുൻപിൽ ഉണ്ടായിരുന്നു.”- കമ്മിൻസ് പറഞ്ഞു വെക്കുന്നു. ഈ അത്ഭുത വിജയത്തോടെ വലിയ ആത്മവിശ്വാസം നേടി സെമിഫൈനലിലേക്ക് എത്താൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയാവും ഓസ്ട്രേലിയക്ക് എതിരാളികളായി എത്തുക.

Scroll to Top