മാക്സ്വെൽ എഴുതിയ ചരിത്രം. അപൂർവ റെക്കോർഡുകളിൽ കപിൽ ദേവിനെ വരെ മറികടന്നു.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കിടിലൻ വിജയം തന്നെയാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തിൽ മാക്സ്വെല്ലിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്സാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. നിർണായകഘട്ടത്തിൽ ഓസ്ട്രേലിയക്കായി ഒരു അവിസ്മരണീയ ഡബിൾ സെഞ്ച്വറിയാണ് മാക്സ്വെൽ മത്സരത്തിൽ നേടിയത്. 128 പന്തുകളിൽ 21 ബൗണ്ടറികളും 10 സിക്സറുകളുമടക്കം ആയിരുന്നു മാക്സ്വെല്ലിന്റെ ഡബിൾ സെഞ്ച്വറി പിറന്നത്. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയം ഓസ്ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. ഈ കിടിലൻ ഇന്നിങ്സിലൂടെ ഒരുപാട് നാഴികക്കല്ലുകളാണ് മാക്സ്വെൽ മറികടന്നത്. ഒരു ടീമിനായി ചെയ്സ് ചെയ്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാക്സ്വെൽ മാറി.

ഒപ്പം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന ഓപ്പണറല്ലാത്ത ആദ്യ താരമായും മാക്സ്വെൽ മാറുകയുണ്ടായി. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന പതിനൊന്നാമത്തെ താരമാണ് മാക്സ്വെൽ. എന്നാൽ ഇതുവരെ ഡബിൾ സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ളത് ഓപ്പണർമാർ മാത്രമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയായിരുന്നു മാക്സ്വെൽ അത്ഭുത ഇന്നിങ്സ് കാഴ്ചവച്ചത്. ഇതോടൊപ്പം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിൽ നിന്ന് ഒരാൾ ഡബിൾ സെഞ്ച്വറി നേടുന്നതും ഇത് ആദ്യമായിയാണ്. ഒരു ലോകകപ്പ് മത്സരത്തിൽ ചെയ്സ് ചെയ്യുന്ന ടീമിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും മാക്സ്വെൽ സ്വന്തമാക്കുകയുണ്ടായി. ഇംഗ്ലണ്ട് താരം ആൻഡ്രൂ സ്ട്രോസിന്റെ റെക്കോർഡാണ് മാക്സ്വെൽ മറികടന്നത്. 2011 ലോകകപ്പിൽ ഇന്ത്യക്കെതിരെ 158 റൺസായിരുന്നു സ്ട്രോസ് ചേസ് ചെയ്യുമ്പോൾ നേടിയിരുന്നത്.

ഏകദിന ക്രിക്കറ്റിൽ ആറാം നമ്പറിലിറങ്ങി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കുന്ന താരമായും മാക്സ്വെൽ മത്സരത്തിലൂടെ മാറി. കപിൽ ദേവിന്റെ റെക്കോർഡാണ് മാക്സ്വെൽ മറികടന്നത്. 1983 ഏകദിന ലോകകപ്പിൽ കപിൽ ദേവ് ആറാമനായി ക്രീസിലെത്തി 175 റൺസ് സ്വന്തമാക്കിയിരുന്നു. ഇതു മറികടക്കാനും മാക്സ്വെല്ലിന് സാധിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ട് എന്ന് ചരിത്രവും മാക്സ്വെല്ലും കമ്മീൻസും ചേർന്ന് കെട്ടിപ്പടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 202 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നേടിയത്. 2006ൽ ആൻഡ്രൂ ഹോളും ജസ്റ്റിൻ കെമ്പും പടുത്തുയർത്തിയ 138 റൺസിന്റെ റെക്കോർഡാണ് കമ്മീൻസും മാക്സ്വെല്ലും ചേർന്ന് മറികടന്നത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് മാക്സ്വെൽ സ്വന്തം പേരിൽ ചേർക്കുകയുണ്ടായി. ഷൈൻ വാട്സന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 185 റൺസ് മറികടന്നാണ് മാക്സ്വെൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡിൽ ഡേവിഡ് വാർണറെ(178) മറികടക്കാനും മാക്സ്വെല്ലിന് സാധിച്ചു. ഇങ്ങനെ ഒട്ടേറെ റെക്കോർഡുകളാണ് മാക്സ്വെൽ ഈ അത്ഭുത ഇന്നിങ്സോടെ എഴുതി ചേർത്തിരിക്കുന്നത്.