കോഹ്ലിയും രോഹിതുമല്ല, 2024 ഐപിഎല്ലിൽ തകർത്താടാൻ പോവുന്നത് അവൻ. സ്‌റ്റെയ്‌ൻ പറയുന്നു.

ലോകക്രിക്കറ്റ് ഏറ്റവുമധികം ഉറ്റുനോക്കുന്ന ഒരു ടൂർണ്ണമെന്റാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗ്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പ്രാധാന്യം തന്നെയുണ്ട്.

വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ വമ്പൻ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കുമ്പോഴും ഇത്തവണ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധ്യത മറ്റൊരു താരത്തിനാണ് എന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്‌റ്റെയ്‌ൻ പറയുന്നു.

ക്ഷിണാഫ്രിക്കയുടെ സൂപ്പർ വെടിക്കെട്ട് താരം ഹെൻറിച്ച് ക്ലാസൻ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തി എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കും എന്നാണ് സ്‌റ്റെയ്‌ൻ പ്രതീക്ഷിക്കുന്നത്. തന്റെ കരിയറിയിൽ തന്നെ വലിയൊരു മാറ്റം ഇത്തവണ ക്ലാസന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് സ്‌റ്റെയ്‌ൻ കരുതുന്നു.

നിലവിൽ വളരെ മികച്ച ഫോമിലാണ് ക്ലാസൻ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗിൽ ഇതുവരെ വെടിക്കെട്ട് പ്രകടനങ്ങൾ പുറത്തെടുക്കാൻ ക്ലാസന് സാധിച്ചിട്ടുണ്ട്. മാത്രമല്ല 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനായി 12 മത്സരങ്ങളിൽ നിന്ന് 448 റൺസാണ് ക്ലാസൻ നേടിയത്.

ഇത്തവണത്തെ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 447 റൺസ് സ്വന്തമാക്കാനും ക്ലാസന് സാധിച്ചിട്ടുണ്ട്. 208 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് ക്ലാസൻ ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്. അതിനാൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലും ക്ലാസൻ ഇത് ആവർത്തിക്കും എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് സ്‌റ്റെയ്‌ൻ.

2024 ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിന്റെ ഫൈനലിന് മുന്നോടിയായി സ്‌റ്റെയ്‌ൻ ഇക്കാര്യം വിശദീകരിച്ചത്. “ക്ലാസൻ ഒരു അവിശ്വസനീയ താരം തന്നെയാണ്. മനോഹരമായി ബാറ്റ് ചെയ്യാൻ അവന് എല്ലായിപ്പോഴും സാധിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഒരുപാട് ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ ഡർബൻ സൂപർ ജയന്റ്സ് ടീമിന് വേണ്ടിയാണ് ക്ലാസൻ കളിക്കുന്നത്. ഞങ്ങൾ ക്ലാസനെതിരെ കളിക്കുമ്പോൾ അത് ഞങ്ങൾക്ക് കൂടുതൽ ആവേശം നൽകുന്നു.”

“ഇത്ര മികച്ച ഫോമിലുള്ള, ഇത്തരമൊരു താരത്തിനെതിരെ കളിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും മികച്ച താരങ്ങൾക്കെതിരെ കളിക്കുമ്പോൾ മാത്രമേ നമുക്ക് സ്വയം വിലയിരുത്താൻ സാധിക്കൂ. അതാണ് മത്സരത്തിന്റെ ഭംഗി. അല്ലാത്തപക്ഷം മത്സരം വളരെ ബോറിംഗ് ആയി മാറും.”- സ്‌റ്റെയ്‌ൻ പറയുന്നു.

എന്നിരുന്നാലും ലീഗിന്റെ ഫൈനലിൽ തങ്ങളുടെ ടീമിനെതിരെ ക്ലാസൻ ഒരുപാട് റൺസ് സ്വന്തമാക്കരുത് എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും ക്ലാസൻ പറയുകയുണ്ടായി. “ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ക്ലാസൻ ഞങ്ങൾക്കെതിരെ സെഞ്ചുറി നേടിയാലും ഞങ്ങൾക്ക് എങ്ങനെയെങ്കിലും വിജയിച്ചെ സാധിക്കൂ. അങ്ങനെ സംഭവിച്ചാൽ അത് ഒരുപാട് ആഹ്ലാദം നൽകും. ഇതൊക്കെയും പുറത്തിരുന്ന് കാണുമ്പോൾ വളരെ മനോഹരമാണ്.”

“കാരണം അവനൊരു അവിശ്വസനീയ താരമാണ്. ഞാൻ അവന്റെ മത്സരത്തിന്റെ വലിയൊരു ആരാധകനാണ്. ഹൈദരാബാദ് ടീമിൽ അവനെ ഞങ്ങൾക്ക് ലഭിച്ചത് വലിയ ഭാഗ്യമാണ്. ഇത്തവണത്തെ ഐപിഎല്ലിൽ ലോക ക്രിക്കറ്റിനെ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം അവൻ കാഴ്ചവയ്ക്കും. അക്കാര്യത്തിൽ ഞാൻ ഗ്യാരണ്ടി നൽകുകയാണ്.”‘- സ്‌റ്റെയ്‌ൻ കൂട്ടിച്ചേർത്തു.

Previous article9 വിക്കറ്റുമായി ജലജ് സക്സേന. കൂറ്റന്‍ ലീഡിലേക്ക് കേരളം
Next articleഅവനില്ലാതെ ഈ ടെസ്റ്റ്‌ പരമ്പര പൂർണമാവില്ല. എത്രയും പെട്ടെന്ന് തിരിച്ചുവരണം. ഇന്ത്യൻ താരത്തെപറ്റി ഹർഭജൻ.