അവനില്ലാതെ ഈ ടെസ്റ്റ്‌ പരമ്പര പൂർണമാവില്ല. എത്രയും പെട്ടെന്ന് തിരിച്ചുവരണം. ഇന്ത്യൻ താരത്തെപറ്റി ഹർഭജൻ.

Harbhajan Singh

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഏറ്റവുമധികം മിസ് ചെയ്യുന്ന താരം വിരാട് കോഹ്ലിയാണ്. മുൻപ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്ലി മാറി നിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ മൂലമായിരുന്നു കോഹ്ലി ആദ്യ മത്സരങ്ങളിൽ നിന്ന് മാറിനിന്നത്.

ശേഷം ഇനി നടക്കാനിരിക്കുന്ന 3 ടെസ്റ്റ് മത്സരങ്ങളിലും കോഹ്ലി കളിക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിയുടെ അഭാവത്തെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ. വിരാട് കോഹ്ലിയില്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ പൂർണ്ണതയിൽ എത്തില്ല എന്നാണ് ഹർഭജൻ സിംഗ് പറഞ്ഞിരിക്കുന്നത്. വിരാട്ടിന്റെ അഭാവം ടെസ്റ്റ് പരമ്പരയിലൂടനീളം കാണാമെന്നും ഹർഭജൻ പറഞ്ഞു.

മുൻപ് ബിസിസിഐ കോഹ്ലിയുടെ അഭാവത്തെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ശേഷമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഹർഭജൻ സിങ് രംഗത്ത് എത്തിയത്. “വിരാട് കോഹ്ലി ഇപ്പോഴും ടീമിൽ നിന്ന് മാറിനിൽക്കുകയാണ് എന്ന് ഉറപ്പായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതിനെപ്പറ്റി ആർക്കുമറിയില്ല. കോഹ്ലിയും അദ്ദേഹത്തിന്റെ കുടുംബവും എല്ലാവരും ഓക്കെയാണെന്ന് ഞാൻ കരുതുന്നു. എത്രയും വേഗം കോഹ്ലി തിരികെയെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”

“കാരണം കോഹ്ലിയില്ലാതെ ഒരു കാരണവശാലും ഈ ടെസ്റ്റ് പരമ്പര പൂർണ്ണമാവുകയില്ല. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി ഒരു ബ്രാൻഡ് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റ് മുൻപോട്ടു കൊണ്ടുപോകുന്നതിൽ വലിയ പ്രാധാന്യം കോഹ്ലിയ്ക്കുണ്ട്. അടുത്ത 3 ടെസ്റ്റ് മത്സരങ്ങളിലും കോഹ്ലി കളിക്കില്ല എന്നത് ഉറപ്പായി. എന്നിരുന്നാലും അവന് നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.”- ഹർഭജൻ പറഞ്ഞു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് കോഹ്ലിയ്ക്ക് ഒരു ടെസ്റ്റ് പരമ്പര പൂർണമായും ഇത്തരത്തിൽ നഷ്ടമാവുന്നത്. 35കാരനായ കോഹ്ലി 2011 ജൂൺ 20നാണ് ഇന്ത്യക്കായി ആദ്യമായി കളിച്ചത്. വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു കോഹ്ലി തന്റെ ടെസ്റ്റ് കരിയർ ആരംഭിച്ചത്. ഇതുവരെ 113 ടെസ്റ്റ് മത്സരങ്ങൾ തന്റെ കരിയറിൽ കോഹ്ലി കളിച്ചു കഴിഞ്ഞു. ഇതിൽ നിന്ന് 29 സെഞ്ച്വറികളും 30 അർദ്ധസെഞ്ച്വറികളും കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.

8848 റൺസാണ് കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ സമ്പാദ്യം. മാത്രമല്ല 49.15 എന്ന വലിയ ശരാശരിയും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയ്ക്കുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ നായകനാണ് വിരാട് കോഹ്ലി. വിരാട് കോഹ്ലി ഇന്ത്യയെ നയിച്ച 68 ടെസ്റ്റ് മത്സരങ്ങളിൽ 40 എണ്ണത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.

ഇത്രയും മികച്ച റെക്കോർഡുകളുള്ള വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് പ്രധാന കാരണം കോഹ്ലിയുടെ അഭാവമാണ് എന്ന് മുൻ ക്രിക്കറ്റർമാർ അടക്കം വിധിയെഴുതുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം രാജ്കോട്ടിൽ ഫെബ്രുവരി 15നാണ് ആരംഭിക്കുന്നത്. കോഹ്ലിയുടെ അഭാവത്തിലും മികച്ച രീതിയിൽ പ്രകടനം നടത്തുക എന്നതാണ് ഇന്ത്യയുടെ നിലവിലെ ലക്ഷ്യം.

Scroll to Top