ടി :20 ലോകകപ്പ് ആവേശമാണ് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചർച്ചയിപ്പോൾ. എല്ലാ ആരാധകരും കാത്തിരിക്കുന്ന ഏറെ വാശിയേറിയ ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിന് ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കേ ആരാകും ഇത്തവണ നിർണായക മത്സരത്തിൽ ജയം നേടുക എന്നത് പ്രവചനാതീതമാണ്. കൂടാതെ ലോകകപ്പ് ടൂർണമെന്റിന് ജയത്തോടെ മികച്ച തുടക്കം കുറിക്കാനാണ് ഇരു ടീമുകളും ആഗ്രഹിക്കുന്നത് എന്നതും വ്യക്തം. ഇന്ത്യ :പാകിസ്ഥാൻ മത്സരം എന്നതിനും അപ്പുറം നായകൻമാരുടെ കൂടി പോരാട്ടമാണ് വരാനിരിക്കുന്നത്. ബാബർ അസം, വിരാട് കോഹ്ലി ഇവരിൽ ആരാകും 24ന് ശേഷം ജയത്തിന്റെ ആഘോഷത്തിൽ പങ്കാളിയാക്കുകയെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
എന്നാൽ 24നുള്ള പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും ഒരു മുന്നറിയിപ്പ് നൽകുകയാണ് മുൻ പാക് പേസർ ഷോയിബ് അക്തർ.ലോകകപ്പിലെ വരാനിരിക്കുന്ന മത്സരത്തിൽ ശക്തമായ പോരാട്ടം ഇരു ടീമുകളിൽ നിന്നും നമുക്ക് കാണമെന്ന് പറഞ്ഞ അക്തർ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ ടീമിന് വളരെ ഏറെ മുൻതൂക്കമുണ്ടെങ്കിൽ പോലും വരുന്ന മത്സരത്തിൽ അത് ഒരു ഘടകമാകില്ല എന്നും ചൂണ്ടികാട്ടി.വരുന്ന ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യൻ ടീമിനും ഒപ്പം പാകിസ്ഥാൻ ടീമിനും വളരെ അധികം ആത്മവിശ്വാസം അവകാശപെടാൻ കഴിയുമെന്നും അക്തർ വിശദമാക്കി
“ഇന്ത്യൻ ടീമും പാകിസ്ഥാനും വീണ്ടും ഒരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ നമ്മൾ മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യം ബാറ്റ് ചെയ്ത ശേഷം പാക് ടീം 170-180 റൺസ് നേടിയാൽ പിന്നീട് ഇന്ത്യൻ ടീമിന് ആ ടോട്ടൽ കൂടി മറികടക്കുക ബുദ്ധിമുട്ടാണ്. ഈ ഒരു സ്കോർ പിന്തുടരുവാൻ ഇന്ത്യൻ ടീം കഷ്ടപെടുമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഐപിൽ പോലെ അടിച്ച് കളിക്കുക ലോകകപ്പിൽ നടക്കില്ല. ഏറെ സമ്മർദ്ദം ലോകകപ്പിൽ കാണുവാനായി സാധിക്കും “അക്തർ വാചാലനായി