ഈ തലമുറയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. ജസ്പ്രീത് ബുംമ്രയ്ക്കൊപ്പം ഇന്ത്യക്കായി ബോളിങ്ങിൽ ആക്രമണം അഴിച്ചുവിടുന്നതിൽ ഷാമി മിടുക്കനാണ്. ഇതുവരെ തന്റെ കരിയറിൽ 64 ടെസ്റ്റ് മത്സരങ്ങളും 101 ഏകദിന മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളും മുഹമ്മദ് ഷാമി കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ 229 വിക്കറ്റുകളാണ് ഷാമിയുടെ സമ്പാദ്യം. 195 ഏകദിന വിക്കറ്റുകളും 24 ട്വന്റി20 വിക്കറ്റുകളും ഷാമി ഇതിനോടൊപ്പം സ്വന്തമാക്കിയിരിക്കുന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ഷാമി ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ബോളറാണ് എന്ന് തന്നെയാണ്. എന്നാൽ താൻ ക്രിക്കറ്റിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷാമി. പാക്കിസ്ഥാന്റെ ഇതിഹാസ ബോളർ വഖാർ യൂനിസും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബോളർ ഡെയിൽ സ്റ്റെയിനുമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബോളർമാർ എന്ന് ഷാമി പറഞ്ഞു.
സ്റ്റാർ സ്പോർട്സിൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ഷാമി ഇക്കാര്യം പറഞ്ഞത് താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ബോളർ ആരാണ് എന്ന ചോദ്യത്തിന് മുഹമ്മദ് ഷാമിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. “ആ ലിസ്റ്റിൽ ഒരുപാട് ബോളന്മാരുണ്ട്. പക്ഷേ ആരുടെയെങ്കിലും പേര് എടുത്തു പറയാൻ പറഞ്ഞാൽ, എന്റെ മനസ്സിലേക്ക് വരിക വഖാർ യൂനിസും ഡെയിൽ സ്റ്റെയിനുമായിരിക്കും.”- മുഹമ്മദ് ഷാമി പറയുകയുണ്ടായി. സമീപകാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ തന്നെയാണ് ഷാമി കാഴ്ച വെച്ചിരുന്നത്. എന്നാൽ നിരന്തരമായ പരിക്ക് ഷാമിയെ ചില സമയങ്ങളിൽ പിന്നോട്ടടിക്കുന്നുണ്ട്.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ മുഹമ്മദ് ഷാമി കളിച്ചിരുന്നു. എന്നാൽ പരിക്ക് മൂലം അതിനുശേഷം ഇന്ത്യക്കായി കളിക്കാൻ ഷാമിയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ വലിയൊരു തിരിച്ചുവരവിന് മുൻപിലാണ് മുഹമ്മദ് ഷാമി. 2024-25ലെ രഞ്ജി ട്രോഫി മത്സരങ്ങളിൽ മുഹമ്മദ് ഷാമി കളിക്കും എന്നാണ് സൂചന.
ബംഗാളിന്റെ ആദ്യ 2 മത്സരങ്ങളിലാവും ഷാമി മൈതാനത്ത് എത്തുക. എന്നാൽ ഇന്ത്യയുടേ ദേശീയ ടീമിലേക്ക് മുഹമ്മദ് ഷാമി എന്ന് തിരികെ വരും എന്നത് വലിയ ചോദ്യമായി നിൽക്കുന്നു. 2024-25 ബോർഡർ- ഗവാസ്കർ ട്രോഫി മുഹമ്മദ് ഷാമിയ്ക്ക് തിരിച്ചു വരാൻ സാധിക്കുന്ന വലിയ ഒരു വേദി തന്നെയാണ്.
അഞ്ചു ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇത്തവണ ബോർഡർ-ഗവാസ്കർ ട്രോഫി. ഓസ്ട്രേലിയയിൽ നടക്കുന്ന പരമ്പരയിൽ മുഹമ്മദ് ഷാമി ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഘടകം തന്നെയാണ്. ഇതിന് മുന്നോടിയായി ഇന്ത്യ ന്യൂസിലാൻഡിനെതിരെയും ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ഈ മത്സരങ്ങളിലൊക്കെയും ബൂമ്രയും ഷാമിയും കളിച്ചാൽ അത് ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യും. എന്നിരുന്നാലും പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ ഷാമി ഇന്ത്യൻ ടീമിലേക്ക് തിരികെ വരു എന്ന് മുൻപ് വൃത്തങ്ങൾ അറിയിച്ചിരുന്നു.