ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം ഏറെ ആവേശകരമായിട്ടാണ് മുൻപോട്ട് പോകുന്നത്. ഏകദിന പരമ്പരയിൽ ടീം ഇന്ത്യ 2-1ന്റെ ജയം നേടിയപ്പോൾ ആദ്യ ടി :20യിൽ ഇന്ത്യൻ യുവനിര 38 റൺസ് ജയവും കരസ്ഥമാക്കി. എന്നാൽ ടി :20, ഏകദിന പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കരുത്തായി മാറിയ സൂര്യകുമാർ യാദവാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തും ആരാധകരിലും ചർച്ചയായി മാറുന്നത്. ഏകദിന പരമ്പരയിലെ മൂന്ന് മത്സരവും മികച്ച ബാറ്റിങ് പ്രകടനത്താൽ വളരെ ഗംഭീരമാക്കി മാറ്റിയ താരം ആദ്യ ടി :20 മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടി ആരാധകരുടെ കയ്യടികൾ നേടി.
എന്നാൽ സൂര്യകുമാർ യാദവ് അരങ്ങേറ്റ ഏകദിന പരമ്പരയിലും ഒപ്പം ടി :20യിലും കാഴ്ചവെച്ച മികച്ച പ്രകടനത്തേയും ഒപ്പം താരത്തിന്റെ സമ്മർദമില്ലാതെ ബാറ്റിങ് പൂർത്തിയാക്കുവാനുള്ള കഴിവിനെയും വാനോളം പുകഴ്ത്തുകയാണ് മുൻ പാക് താരം റമീസ് രാജ. ഇന്ത്യൻ ടീമിലെ ഒരു പുതുമുഖമാണ് സൂര്യകുമാർ എന്നത് ആരേലും വിശ്വസിക്കുമോ എന്നുള്ള ചോദ്യം ഉയർത്തുന്ന റമീസ് രാജ താരം ഭാവി ഇന്ത്യൻ ക്രിക്കറ്റിനുനുള്ള മികച്ച ഒരു ബാറ്റ്‌സ്മാനാണെന്നും വിശദീകരിക്കുന്നു.
“എന്ത് മനോഹരമായിട്ടാണ് സൂര്യകുമാർ കളിക്കുന്നത്. എതിരാളികളുടെ എല്ലാ തന്ത്രങ്ങൾക്കും അവന്റെ കയ്യിൽ മിന്നും മറുപടിയുണ്ട്. ബാറ്റിങ്ങിൽ ഒരുതരം സമ്മർദ്ദവും അവൻ കാണിക്കുന്നില്ല. ടീം ഇന്ത്യക്കൊപ്പം അവൻ ആദ്യമായിട്ടാണ് കളിക്കുന്നത് എന്ന് പറഞ്ഞാൽ ബാറ്റിങ് കാണുന്ന ആരും വിശ്വസിക്കില്ല കൂടാതെ റിസ്ക് അധികം എടുക്കാതെ തന്നെ ടീം സ്കോർ അതിവേഗം ഉയർത്തുവാനായി കഴിയുന്ന താരമാണ് അവൻ. ബാറ്റിങ്ങിൽ ഏറെ നേറ്റങ്ങൾ കൊയ്യുവാനായി അവന് ഇനിയും കഴിയും “മുൻ താരം റമീസ് രാജ ആത്മവിശ്വാസം പ്രകടിപ്പിച്ചു
ആദ്യ ടി :20യിൽ 34 പന്തിൽ നിന്നും 5 ഫോറും 2 സിക്സും ഉൾപ്പെടെ 50 റൺസ് നേടിയ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര കളിക്കാനുള്ള ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേരും. ആദ്യ ടെസ്റ്റ് പരമ്പര ഇന്ത്യക്കായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരവും ഓപ്പണർ പൃഥ്വി ഷായും ഇപ്പോൾ.