സൂപ്പർ താരം പരിശീലനത്തിന് തിരിച്ചെത്തി :കോഹ്ലിക്കും സംഘത്തിനും ആശ്വാസം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും ഒപ്പം ഏറെ ക്രിക്കറ്റ്‌ പ്രേമികളും കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആദ്യ മത്സരത്തോടെ തുടക്കം കുറിക്കുവാനിരിക്കെ ഇന്ത്യൻ ടീമിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങളുടെ പരിക്ക്. മൂന്ന് പ്രധാന താരങ്ങൾ ഇതിനകം പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയ മോശം സാഹചര്യത്തെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും വളരെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ ടീം ഇന്ത്യക്ക് വളരെ അധികം സന്തോഷം സമ്മാനിക്കുന്ന ഒരു വാർത്തായാണ് പുറത്തുവരുന്നത്. ഇന്ത്യൻ ടീമിലെ സ്റ്റാർ ബാറ്റ്‌സ്മാൻ വീണ്ടും തന്റെ പരിശീലനം ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് നായകൻ കോഹ്ലിയും ടീമും.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനും ഒപ്പം ടീമിലെ വിശ്വസ്ത ബാറ്റ്‌സ്മാനുമായ അജിഖ്യ രഹാനെയാണ് പരിക്കിനെ തുടർന്നുള്ള വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനം ആരംഭിച്ചിരിക്കുന്നത്. താരം ചെറിയ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം കൗണ്ടി ഇലവനെതിരായ ആദ്യ പരിശീലന മത്സരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച ബാറ്റിങ് ഫോം കണ്ടെത്താറുള്ള രഹാനെ പരിക്കിനെ തുടർന്ന് ആദ്യ ടെസ്റ്റ് കളിച്ചേക്കില്ല എന്ന് ചില റിപ്പോർട്ടുകൾ ഇന്ത്യൻ ടീം ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നിരുന്നു. താരം കളിക്കാത്ത സാഹചര്യത്തിൽ അത് ടീം ഇന്ത്യയുടെ മധ്യനിര ബാറ്റിംഗിനെ വളരെ ഏറെ ബാധിക്കുമെന്നാണ് ആരാധകർ പങ്കുവെച്ച ആശങ്ക. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും മികച്ച പ്രകടനം ബാറ്റിങ്ങിൽ പുറത്തെടുക്കുവാൻ പക്ഷേ രഹാനെക്ക്‌ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഓസ്ട്രേലിയക്ക്‌ എതിരായ അവരുടെ നാട്ടിൽ നടന്ന പരമ്പരയിൽ താരം സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലും അജിഖ്യ രഹാനെ സെഞ്ച്വറി അടിച്ചിരുന്നു. കോവിഡിൽ നിന്നും മുക്തി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് ആദ്യ ടെസ്റ്റ് കളിക്കുവാനാണ് സാധ്യത. പന്തിന് ഒപ്പം രഹാനെ കൂടി കളിക്കുന്നത് ബാറ്റിംഗിനെ ശക്തമാക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.നെറ്റ്സിൽ ഏറെ നേരം ചിലവഴിച്ച രഹാനെ മനോഹരമായ ചില ഷോട്ടുകളും കളിച്ചിരുന്നു.