ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുവാൻ പോകുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ കരുത്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടവും തീപാറുമെന്നാണ് ആരാധകരും ഒപ്പം ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിൽ തന്നെ തുടരുന്ന കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് ഔദ്യോഗികമായി സ്ഥിതീകരിച്ചത്. ബാറ്റിങ്ങിൽ വിദേശ ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കുമെന്ന് ആരാധകരും ഭയന്നിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയാണ് മുൻ താരവും ഇതിഹാസ ഓൾറൗണ്ടറുമായ കപിൽ ദേവ്.
ഗില്ലിന്റെ പരിക്ക് ഇന്ത്യൻ ടീമിന് ഒരു കനത്ത തിരിച്ചടിയാണ് എങ്കിലും വരുന്ന ടെസ്റ്റ് പരമ്പരക്കായി നാട്ടിലുള്ള ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനെയും ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിലേക്ക് പകരക്കാരനായി ഉൾപെടുത്തരുതെന്നുമാണ് കപിൽ ദേവിന്റെ അഭിപ്രായം. നിലവിൽ ഇന്ത്യൻ ടീമിനോപ്പം തുടരുന്ന ഗിൽ ആദ്യ ടെസ്റ്റ് കളിക്കില്ലായെന്നത് ഉറപ്പാണ്. യുവ ഓപ്പണർ പൃഥ്വി ഷായെ ടെസ്റ്റ് പരമ്പരയിൽ കളിക്കുവാനായി കൊണ്ട് വരണം എന്ന് പല മുൻ താരങ്ങളും അഭിപ്രായപെട്ടതിന് പിന്നാലെയാണ് കപിൽ ദേവിന്റെ പുതിയ നിർദ്ദേശം.മറ്റൊരു ഓപ്പണറെ ടീമിലേക്ക് കൊണ്ടുവരുന്നത് യഥാർത്ഥത്തിൽ ഇന്ന് ടീമിനോപ്പമുള്ള ഓപ്പണർമാരെ എല്ലാം ഏറെ അപമാനിക്കുന്നതിന് തുല്യമായി മാറുമെന്നും കപിൽ ദേവ് ഉപദേശം നൽകി.
“ടീമിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ് ആദ്യമേ കളിക്കേണ്ടത്. ഗില്ലിന്റെ പരിക്കിന്റെ അടിസ്ഥാനത്തിൽ ആരെയും നാട്ടിൽ നിന്ന് കൊണ്ടുവരണം എന്നൊരു ആവശ്യമില്ല. ഇക്കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി നായകനോടും ഒപ്പം കോച്ച് രവി ശാസ്ത്രിയോട് സംസാരിച്ച ശേഷമേ തീരുമാനം എടുക്കാവൂ.ഇന്ത്യൻ സ്‌ക്വാഡിൽ മായങ്ക് അഗർവാൾ ഒരു മികച്ച ഓപ്പണറായിയുണ്ട്. നിലവിലെ ടീമിലെ താരങ്ങളെ അപമാനിക്കുന്ന പോലെ ആരെയും പുതിയതായി സെലക്ട് ചെയ്യരുത് ” മുൻ ഇതിഹാസ നായകൻ അഭിപ്രായം വിശദമാക്കി.