ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനാവാൻ സാധിക്കുന്ന മറ്റൊരു നായകനില്ല എന്നാണ് ഗംഭീർ പറയുന്നത്. മുൻപ് 2011 ഏകദിന ലോകകപ്പിന് ശേഷം ധോണിക്ക് കൂടുതലായി ക്രെഡിറ്റ് കിട്ടുന്നതിന്റെ പേരിൽ ഗംഭീർ പലതവണ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധോണിയെ പ്രകീർത്തിച്ച് കൊണ്ടാണ് ഗംഭീർ സംസാരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് ക്യാപ്റ്റൻമാർ വരികയും പോവുകയും ചെയ്തിട്ടുണ്ടെങ്കിലും ധോണി വളരെ പ്രത്യേകതയുള്ള നായകനാണ് എന്ന് ഗംഭീർ പറയുന്നു.
“ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്താൽ ധോണിയുടെ നായകത്വത്തിന് പകരമാവാൻ സാധിക്കുന്ന ആരും തന്നെയില്ല. ഒരുപാട് ക്യാപ്റ്റൻമാർ വരികയും പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അവർക്കൊന്നും തന്നെ ധോണിയുടെ നായകത്വത്തിന് അടുത്തെത്താൻ പോലും സാധിച്ചിട്ടില്ല. തന്റെ അന്താരാഷ്ട്ര കരിയറിൽ ഐസിസിയുടെ 3 ട്രോഫികളാണ് മഹേന്ദ്ര സിംഗ് ധോണി നേടിയിട്ടുള്ളത്. ഇതിലും വലിയ നേട്ടങ്ങൾ മറ്റൊരു നായകനും നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”- ഗംഭീർ പറയുന്നു.
മുൻപ് ധോണി ഇന്ത്യൻ ടീമിനായി നടത്തിയ ത്യാഗങ്ങളെപ്പറ്റി ഗംഭീർ സംസാരിക്കുകയുണ്ടായി. “ഒരു ബാറ്റർ എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ ധോണിയ്ക്ക് ഉണ്ടാക്കിയെടുക്കാമായിരുന്നു. എന്നാൽ നായകത്വത്തിന്റെ പേരിൽ ധോണി തന്റെ വ്യക്തിഗത നേട്ടങ്ങളെ ത്യജിക്കുകയാണ് ചെയ്തത്. പല സമയത്തും നായകൻ എന്ന നിലയിൽ തന്നെ ടീമിനാണ് ധോണി പ്രാധാന്യം നൽകിയിട്ടുള്ളത്.”
”ഒരുപക്ഷേ ധോണി ഇന്ത്യയുടെ നായകൻ ആയിരുന്നില്ലെങ്കിൽ അദ്ദേഹം മൂന്നാം നമ്പറിൽ തന്നെ കരിയറിലുടനീളം ബാറ്റ് ചെയ്തേനെ. അങ്ങനെയെങ്കിൽ ഏകദിന ക്രിക്കറ്റിലെ പല റെക്കോർഡുകളും തകർക്കാൻ ധോണിക്ക് സാധിക്കുമായിരുന്നു. ധോണി ഇന്ത്യക്കായി ഒരുപാട് ട്രോഫികൾ സ്വന്തമാക്കി. എന്നാൽ ആ ട്രോഫികൾക്കായി തന്റെ വ്യക്തിഗത റൺസ് ധോണി ത്യജിക്കുകയാണ് ചെയ്തത്.”- ഗംഭീർ മുമ്പ് പറയുകയുണ്ടായി.
ഇന്ത്യക്കായി ഏറ്റവുമധികം ഐസിസി ട്രോഫികൾ സ്വന്തമാക്കിയിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ കീഴിൽ 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും 2013 ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. അവസാനമായി ഇന്ത്യ ഐസിസി ട്രോഫി നേടിയതും ധോണിയുടെ കീഴിലായിരുന്നു. ശേഷം 2023 ഏകദിന ലോകകപ്പിനിറങ്ങുമ്പോൾ രോഹിത് ശർമയും ഒരു കിരീട നേട്ടത്തോടെ ധോണിയുടെ ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.