ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാനാണ്. മൂന്ന് വീതം മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരകൾ ടി :20 ലോകകപ്പ് ടീമിൽ ഉൾപെടുവാനുള്ള ഒരു സുവർണ്ണ അവസരമായിട്ടാണ് യുവ താരങ്ങൾ പലരും കാണുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ രണ്ട് ടീമിലും സ്ഥാനം നേടിയപ്പോൾ മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചിന്റെ റോളിൽ എത്തുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ അധികം ചർച്ചയായി മാറിയത് ഇന്ത്യൻ ടീമിനെ രണ്ടാം നിര സ്‌ക്വാഡ് എന്ന് വളരെ പരിഹാസ രൂപത്തിൽ വിമർശിച്ച മുൻ ലങ്കൻ താരം അർജുന രണതുംഗയുടെ അഭിപ്രായമാണ്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾ എല്ലാം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുവാൻ പോയപ്പോൾ രണ്ടാം നിര ടീമാണ് ശ്രീലങ്കയിൽ ഇപ്പോൾ വന്നിരിക്കുന്നത് എന്നും മുൻ താരം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ മുൻ നായകന് മറുപടി നൽകുകയാണ് മുൻ ലങ്കൻ താരം അരവിന്ദ ഡിസിൽവ.
“ഇന്ത്യൻ ടീമിൽ ഇന്ന് അനേകം മികച്ച താരങ്ങളുണ്ട്. അവരുടെ യുവ താരങ്ങൾ അടക്കം അനവധി അവസരങ്ങൾ ഇന്ന് ഉപയോഗിക്കുന്നവരാണ്.ടീമിലെ എല്ലാ താരങ്ങൾക്കും അവസരം നൽകുന്നത് മികച്ച ഒരു തീരുമാനമാണ്. വ്യത്യസ്ത പരമ്പരകൾക്കായി വ്യത്യസ്ത ടീമുകളെ അയക്കുന്നത് ഭാവി മുൻപിൽ കണ്ടുള്ള തീരുമാനമാണ്. ഭാവിയിലെ ക്രിക്കറ്റിനെ ഇത് സഹായിക്കും. ഏതേലും ഒരു ടീമിനെ ഒന്നാം നിരയെന്നോ രണ്ടാം നിര ടീമെന്നോ പറഞ്ഞൊക്കെ കളിയാക്കേണ്ട ആവശ്യം ഇല്ല “മുൻ താരം അഭിപ്രായം വിശദമാക്കി
അതേസമയം പര്യടനത്തിനായി മികച്ച ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ ടീമിന്റെ ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരങ്ങൾ പുരോഗമിക്കുകയാണ്. നായകൻ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ റോളിൽ ഭുവനേശ്വർ കുമാർ എത്തുന്നു.