ധോണിക്കായി ഈ തീരുമാനം എടുക്കണം :ആവശ്യവുമായി മുൻ താരം

ലോകക്രിക്കറ്റിൽ ഏറ്റവും അധികം പ്രിയ ആരാധകരെ സ്വന്തമാക്കിയ ഇതിഹാസ ക്രിക്കറ്റ്‌ താരമാണ് മഹേന്ദ്ര സിങ് ധോണി. കരിയറിൽ നായകനായും പ്രധാനപ്പെട്ട ഫിനിഷർ ബാറ്റ്‌സ്മാനായും തിളങ്ങിയ ധോണി കഴിഞ്ഞ വർഷമാണ് പൂർണ്ണമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ ഐപിൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മാത്രം ഭാഗമായ ധോണി വരാനിരിക്കുന്ന ഐപിൽ സീസണിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യൻ ടീമിനെ ചരിത്ര നേട്ടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ കൂൾ ധോണി കഴിഞ്ഞ ദിവസമാണ് തന്റെ നാല്പതാം പിറന്നാൾ ആഘോഷിച്ചത്. മുൻ താരങ്ങളും നായകൻ കോഹ്ലിയടക്കം പലരും ധോണിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. താരത്തെ കുറിച്ച് ഇപ്പോൾ മുൻ ഇന്ത്യൻ താരം പങ്കുവെച്ച ചില വാക്കുകളും ഒപ്പം നിർദേശവുമാണ് ഏറെ ആരാധകരിൽ ചർച്ചയായി മാറുന്നത്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്വപ്നതുല്യ വളർച്ചക്ക് കാരണമായ ധോണിക്കായി ഉടനടി ബിസിസിഐ ഒരു തീരുമാനം കൈകൊള്ളണമെന്നാണ് മുൻ ഇന്ത്യൻ താരം സാബ കരീം അഭിപ്രായപെടുന്നത്. നിലവിൽ ഐപിൽ മാത്രമായി കളിക്കുന്ന ധോണി ഈ സീസൺ ഐപിഎല്ലിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്നുള്ള പല അഭിപ്രായങ്ങൾക്കും പിന്നാലെയാണ് സാബ കരീമിന്റെ നിർണായകമായ ഈ നിർദ്ദേശം. സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളിലും വൻ സ്വീകാര്യത മുൻ താരത്തിന്റെ അഭിപ്രായത്തിന് ലഭിക്കുന്നുണ്ട്.

“ധോണിയെ പോലെ ഒരു ഇതിഹാസ നായകന് ബിസിസിഐ അർഹമായ ആദരവ് നൽകണം. ധോണിയോടുള്ള നമ്മുടെ ബഹുമാനത്തിന്റെ ഭാഗമായി അദ്ദേഹം ധരിച്ച ഏഴാം നമ്പർ ജേഴ്സി വേറെ ഒരു താരത്തിനും ഉപയോഗിക്കാൻ നൽകരുത് എന്നാണ് എന്റെ അഭിപ്രായം. ഏഴാം നമ്പർ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പിൻവലിക്കുവാൻ ബിസിസിഐ ഉടനെ തയ്യാറാവണം “സാബ കരീം അഭിപ്രായം വിശദമാക്കി. നേരത്തെ ഇതിഹാസ താരം സച്ചിന്റെ പത്താം നമ്പർ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പിൻവലിച്ചത് വൻ വാർത്തയായി മാറിയിരുന്നു.