ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസർ രംഗത്ത് . ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പര ഇന്ത്യ 2-0നോ 2-1നോ കരസ്ഥമാക്കുവാനാണ് സാധ്യതകൾ എന്നാണ് പനേസര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് .
ഇംഗ്ലീഷ് ബൗളിംഗ് നിര ശക്തമാണെന്ന് പറഞ്ഞ പനേസർ അർച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്സണുമാകും പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് നിര്‍ണായക താരങ്ങളെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവർക്ക് സ്‌ക്വാഡിൽ പ്രധാന താരങ്ങൾ അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനുമാണെന്നും മുൻ ഇംഗ്ലണ്ട് താരം കൂടിയയായ പനേസര്‍ പറഞ്ഞു. നേരത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രഹാനെയുടെ ക്യാപ്റ്റന്‍സി തന്നില്‍ ഏറെ മതിപ്പുളവാക്കിയെന്നും പനേസര്‍ പറഞ്ഞു. ജസ്പ്രീത് ബുമ്രയും വിരാട് കോലിയും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണെന്നും പനേസര്‍ അഭിപ്രായപ്പെട്ടു .
എന്നാൽ നായകൻ ജോ റൂട്ട് ദൈര്‍ഘ്യമേറിയ ഇന്നിംഗ്സുകള്‍ കളിക്കുകയോ ബെന്‍ സ്റ്റോക്സ് അതിവേഗം സ്കോര്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്താല്‍ ഇന്ത്യക്ക് പരമ്പരയിൽ കാര്യങ്ങള്‍ ഏറെ കടുപ്പമാകുമെന്നും പനേസര്‍ പറഞ്ഞു. ഇന്ത്യയുടെ നമ്പർ വൺ സ്പിന്നറായ അശ്വിനെ എങ്ങനെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര നേരിടും എന്നത് പരമ്പരയില്‍ നിര്‍ണായകമാകുമെന്നും പനേസര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0ന് ഇന്ത്യ തൂത്തുവാരാനുള്ള സാധ്യത കാണുന്നില്ലെന്നും 2-0നോ 2-1നോ ഇന്ത്യ പരമ്പര നേടാനാണ് സാധ്യതയെന്നും പനേസര്‍ പ്രവചിക്കുന്നു .
ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുക. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ തന്നെയാണ്. പരമ്പരയിൽ ശേഷിക്കുന്ന മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ നടക്കും. ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനമില്ല .