ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വിജയലക്ഷ്യം കുറിച്ചു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടി.
നേരത്തെ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനയക്കപ്പെടുകയായിരുന്നു. 4 പേസര്‍മാരുമായി എത്തിയ ന്യൂസിലന്‍റിന്‍റെ ന്യൂബോള്‍ പരീക്ഷണം ഗില്ലും – ശിഖാര്‍ ധവാനും ചേര്‍ന്ന് അതിജീവിച്ചു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 139 പന്തില്‍124 റണ്‍സ് കൂട്ടിചേര്‍ത്തു.
65 പന്തില്‍ 50 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടു പിന്നാലെ 77 പന്തില്‍ 13 ഫോര്‍ സഹിതം 72 റണ്‍ നേടിയ ധവാനും മടങ്ങി. ലിമിറ്റഡ് ഫൊര്‍മാറ്റില്‍ മോശം ഫോം തുടരുന്ന റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. 23 പന്തില്‍ 15 റണ്ണുമായി ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ ബൗള്‍ഡായി.
സൂര്യകുമാര്‍ യാദവും (4) ലോക്കി ഫെര്‍ഗൂസന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യ 160 ന് 4 എന്ന നിലയിലായി
പിന്നീട് ഒത്തു ചേര്‍ന്ന ശ്രേയസ്സ് അയ്യരും – സഞ്ചു സാംസണും ഇന്ത്യയെ 200 കടത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 94 റണ്‍സാണ് സ്കോര്‍ ചെയ്തത്. പരമ്പരയില്‍ ആദ്യമായി അവസരം കിട്ടിയ സഞ്ചു സാംസണ്‍ 38 പന്തില്‍ 4 ഫോറുമായി 36 റണ്‍സ് നേടി. ആദം മില്‍നയുടെ പന്തില്‍ ഗ്ലന്‍ ഫിലിപ്പ്സിന്‍റെ മനോഹര ക്യാച്ചിലൂടെയാണ് സഞ്ചുവിന്‍റെ വിക്കറ്റ് നഷ്ടമായത്.
അവസാന നിമിഷം ആഞ്ഞടിച്ച ശ്രേയസ്സ് അയ്യര്‍ (74 പന്തില്‍ 78) ഇന്ത്യയെ 300 കടത്തി. സുന്ദറുമായി 22 പന്തില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. വാഷിങ്ങ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 37) തകര്‍പ്പന്‍ പ്രകടനം നടത്തി പുറത്താകതെ നിന്നു. താക്കൂര്‍ (1) അവസാന പന്തില്‍ പുറത്തായി
ന്യൂസിലന്‍റിനായി ടിം സൗത്തിയും ഫെര്‍ഗൂസനും 3 വിക്കറ്റ് വീഴ്ത്തി. ആദം മില്‍നേ 1 വിക്കറ്റ് സ്വന്തമാക്കി.