ക്രിക്കറ്റ് ആരാധകർ എല്ലാവരും ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ നാണംകെട്ട ഇന്നിങ്സ് തോൽവിക്ക് പിന്നാലെയാണ്. ലോർഡ്‌സിൽ ചരിത്ര ജയം നേടി പരമ്പരയിൽ കുതിപ്പ് തുടരാം എന്നും വിശ്വസിച്ച ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ചാണ് ലീഡ്സിൽ മിന്നും പ്രകടനം ജോ റൂട്ടും ഇംഗ്ലണ്ട് സംഘവും കാഴ്ചവെച്ചത്.ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഐതിഹാസികമായ ജയത്തിന്റെ എല്ലാ തിളക്കവും ലീഡ്സ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ പൂർണ്ണ അർഥത്തിൽ അവസാനിച്ചുവെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ അടക്കമുള്ള അഭിപ്രായം.
എന്നാലിപ്പോൾ മോശം ബാറ്റിങ് ഫോമിൽ തുടരുന്ന ഇന്ത്യൻ നായകനായ വിരാട് കോഹ്ലി പരമ്പരയിൽ കാണിക്കുന്ന ചില പിഴവുകൾ ചൂണ്ടികാട്ടുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ.ന്യൂ ബോൾ വരുമ്പോൾ എല്ലാം കോഹ്ലി തന്റെ വിക്കറ്റ് നഷ്ടമാക്കുന്നതായി കണ്ടെത്തിയ നാസിർ ഹുസൈൻ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലി ഇങ്ങനെയൊരു ബാറ്റ്‌സ്മാനായിരുന്നില്ല എന്നും തുറന്ന് പറയുന്നു.
“ന്യൂ ബോളിൽ ശരിക്കും വിരാട് കോഹ്ലി വിയർക്കുന്നതാണ് നാം ഈ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും കണ്ടത്. എക്കാലവും എതിരാളികൾക്ക് എതിരെ അധിപത്യം പുലർത്താറുള്ള കോഹ്ലിക്ക് പക്ഷേ കഴിഞ്ഞ മൂന്ന് ടെസ്റ്റിലും പുതിയ പന്ത് നേരിടുമ്പോൾ എന്തൊക്കെയോ കുറെ പ്രശ്നങ്ങളാണ് ബാറ്റിങ്ങിൽ വരുന്നത്.ന്യൂ ബോളിൽ കോഹ്ലി പുറത്താകുന്ന ശൈലി ഒരുപോലെയാണ്. ലീഡ്സിലെ ടെസ്റ്റിൽ മൂന്നാം ദിനം മനോഹരമായി കളിക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. പക്ഷേ നാലാം ദിനം തുടക്കത്തിലേ കോഹ്ലിക്ക് വിക്കറ്റ് നഷ്ടമായി. ന്യൂബോളിൽ കോഹ്ലി വീണ്ടും പുറത്താകുന്നതാണ് നാം കണ്ടത്.”മുൻ ഇംഗ്ലണ്ട് താരം നിരീക്ഷണം വിശദമാക്കി
“ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാരായ ജെയിംസ് അൻഡേഴ്സണും ഒപ്പം റോബിൻസണും മികച്ച രീതിയിൽ തന്നെയാണ് പന്തുകൾ എറിയുന്നത് എങ്കിലും കോഹ്ലിക്ക് പക്ഷേ അവരുടെ ഓവറുകളിൽ ലൈൻ പോലും പിക്ക് ചെയ്യുവാൻ കഴിയുന്നില്ല. എല്ലാം വളരെ കൃത്യമായി കളിക്കാറുള്ള കോഹ്ലി പക്ഷേ ഈ പരമ്പരയിൽ ധാരണകൾ ഇല്ലാത്ത ഒരു ബാറ്റ്‌സ്മാനായി മാറി കഴിഞ്ഞു “നാസിർ ഹുസൈൻ വിമർശനം കടുപ്പിച്ചു