“എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. ഇന്ത്യൻ ആരാധകർ നിങ്ങൾക്ക് നന്ദി പറയുന്നു”- ധോണിയുടെ പ്രശംസ.

449647110 1449840112345224 9144919766071535272 n

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി ചരിത്രം സൃഷ്ടിക്കാൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും സാധിച്ചു. 11 വർഷങ്ങളായി ഐസിസി കിരീടം സ്വന്തമാക്കാൻ കഷ്ടപ്പെട്ട ഇന്ത്യയുടെ ഒരു ശക്തമായ തിരിച്ചുവരവാണ് 2024 ട്വന്റി20 ലോകകപ്പിൽ കണ്ടത്. ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയാണ് ഇന്ത്യ ഇത്ര വലിയ കിരീടം സ്വന്തമാക്കിയത്.

20 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ പൂർണ്ണമായ മേധാവിത്വം കാട്ടിയാണ് ഇന്ത്യ വിജയം നേടിയത്. ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യൻ ടീമിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. മത്സരം നടക്കുന്ന സമയത്തൊക്കെയും തന്റെ ഹൃദയമിടിപ്പ് അങ്ങേയറ്റം ആയിരുന്നു എന്ന് ധോണി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പറയുകയുണ്ടായി.

“മത്സരം നടക്കുന്ന സമയത്ത് എന്റെ ഹൃദയമിടിപ്പ് ഒരുപാട് ഉയരങ്ങളിലായിരുന്നു. എന്തായാലും ശാന്തമായി വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ആത്മവിശ്വാസമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇന്ത്യയിലിരുന്ന് മത്സരം വീക്ഷിച്ച എല്ലാവരും നിങ്ങൾക്ക് നന്ദി പറയുകയാണ്. അത്ര മികച്ച പ്രകടനങ്ങളാണ് നിങ്ങൾ കാഴ്ചവെച്ചത്. അഭിനന്ദനങ്ങള്‍”- ധോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിക്കുകയുണ്ടായി.

ധോണി മാത്രമല്ല മറ്റു ഇന്ത്യൻ താരങ്ങളും ഈ വിജയത്തിൽ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് വിജയത്തിൽ പ്രശംസകളുമായി എത്തിയ മറ്റൊരു താരം.

“ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഓരോ നക്ഷത്രങ്ങളും, ഇന്ത്യയിലെ ഓരോ കുട്ടികൾക്കും തങ്ങളുടെ സ്വപ്നത്തിലേക്ക് എത്താനുള്ള പ്രചോദനമാണ്. ഇന്ന് ഇന്ത്യക്ക് തങ്ങളുടെ ജേഴ്സിയിൽ നാലാമത്തെ നക്ഷത്രം ലഭിച്ചു. ട്വന്റി20 ലോകകപ്പിൽ നമ്മുടെ രണ്ടാമത്തെത്. വെസ്റ്റിൻഡീസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൂർണ്ണമായ വൃത്തമാണ് കാണാൻ സാധിച്ചത്.”

Read Also -  ഷമിയെ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തില്ല. കാരണം വ്യക്തമാക്കി രോഹിത് ശർമ.

“2007 ഏകദിന ലോകകപ്പ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അവിടെ നമ്മൾ താഴേക്ക് പോയതിനുശേഷം നമുക്കൊരു വലിയ ക്രിക്കറ്റിങ് പവർ ഹൗസായി മാറാൻ സാധിച്ചു. 2024ൽ ഇന്ന് നമ്മൾ വിജയകിരീടം ചൂടി നിൽക്കുന്നു. എന്റെ സുഹൃത്തായ രാഹുൽ ദ്രാവിഡിനെ കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷമുണ്ട്. 2011 ലോകകപ്പിൽ കളിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നില്ല. പക്ഷേ ഈ ട്വന്റി20 ലോകകപ്പ് വിജയത്തിൽ ദ്രാവിഡിന്റെ സംഭാവന വളരെ വലുതാണ്. ഞാൻ ഒരുപാട് സന്തോഷവാനാണ്.”- സച്ചിൻ പറഞ്ഞു.

“രോഹിത് ശർമയെ പറ്റി എന്ത് പറയാനാണ്. അവിസ്മരണീയ നായകനാണ് അവൻ. 2023 ഏകദിന ലോകകപ്പിൽ പരാജയപ്പെട്ടതിന് ശേഷം പിന്നിലേക്ക് പോയ ഇന്ത്യൻ താരങ്ങളെ കൃത്യമായി പ്രചോദനം നൽകി 2024 ട്വന്റി20 ലോകകപ്പിൽ അണിനിരത്തി കിരീടം സ്വന്തമാക്കാൻ അവന് സാധിച്ചു. ജസ്പ്രീറ്റ് ബുമ്രയാണ് ഈ ടൂർണമെന്റിലെ താരം. വിരാട് കോഹ്ലിയാണ് അവസാന മത്സരത്തിലെ താരം. എല്ലാവരും അർഹിച്ച അവാർഡുകൾ സ്വന്തമാക്കുകയുണ്ടായി.”

“എല്ലാവരും അവിസ്മരണീയം തന്നെയായിരുന്നു. രാഹുൽ ദ്രാവിഡിനൊപ്പം പരസ് മാമ്പ്രെ, വിക്രം റാത്തോർ എന്നിവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 1996ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചവരാണ് ഇരുവരും. 1996 ബാച്ചിന്റെ കീഴിൽ ഇത്തരമൊരു വിജയം ഇന്ത്യയ്ക്ക് കയ്യടക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. കോച്ചിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ബിസിസിഐയ്ക്കും മുഴുവൻ ടീം അംഗങ്ങൾക്കും ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.”- സച്ചിൻ കൂട്ടിച്ചേർത്തു.

Scroll to Top