കർമ എന്നാൽ ഇതാണ്. മാത്യൂസിന് അന്ന് കൊടുത്ത പണിയ്ക്ക് മുഷ്‌ഫിഖുറിന് തിരിച്ചു കിട്ടി. നാടകീയ പുറത്താകൽ.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു വിചിത്രമായ രീതിയിലാണ് ബംഗ്ലാദേശ് ബാറ്റർ മുഷ്‌ഫിഖുർ റഹീം പുറത്തായത്. മത്സരത്തിൽ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സിലാണ് മുഷ്‌ഫിഖുർ ഇത്തരത്തിൽ വളരെ അവിചാരിതമായി പുറത്തായത്. മത്സരത്തിൽ ന്യൂസിലാൻഡ് ബോളർ ജാമിസനായിരുന്നു ബംഗ്ലാദേശ് ഇന്നിംഗ്സിലെ 41ആം ഓവർ എറിഞ്ഞത്.

ഈ ഓവറിലാണ് ഒരു അനാവശ്യ ഇടപെടലിലൂടെ മുഷ്‌ഫിഖുർ കൂടാരം കയറിയത്. ഓവറിലെ നാലാം പന്തിൽ മുഷ്‌ഫിഖുർ ഒരു പ്രതിരോധാത്മകമായ ഷോട്ടു കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ പന്ത് കൃത്യമായി പ്രതിരോധിക്കുന്നതിൽ മുഷ്‌ഫിഖുർ പരാജയപ്പെട്ടു.

പ്രതിരോധിച്ചതിന് ശേഷം പന്ത് തന്റെ സ്റ്റമ്പിലേക്ക് കയറുമെന്ന് കരുതിയ മുഷ്‌ഫിഖുർ തന്റെ വലത് കൈ ഉപയോഗിച്ച് പന്ത് തട്ടി മാറ്റുകയാണ് ഉണ്ടായത്. ഇത് കണ്ട ന്യൂസിലാൻഡ് താരങ്ങൾ അമ്പയറോട് അപ്പീൽ ചെയ്യുകയുണ്ടായി. കൃത്യമായി സ്റ്റമ്പിൽ കയറുമെന്ന ബോധ്യമുണ്ടായിരുന്ന പന്താണ് മുഷ്‌ഫിഖുർ കൈവച്ച് തട്ടിമാറ്റിയത്. ന്യൂസിലാൻഡിന്റെ അപ്പീലിന് പിന്നാലെ അമ്പയർ ഇക്കാര്യം പരിശോധിച്ചു. ഫീൽഡിങ് തടസ്സപ്പെടുത്തി എന്ന പേരിൽ മുഷ്‌ഫിഖുർ പുറത്താവുകയും ചെയ്തു. എന്നാൽ സ്റ്റമ്പിന് അടുത്തുപോലും എത്താത്ത പന്താണ് മുഷ്‌ഫിഖുർ ഇത്തരത്തിൽ കൈകൊണ്ട് തട്ടി മാറ്റിയത്.

ഇത് ആരാധകരെ പോലും വലിയ രീതിയിൽ അത്ഭുതപ്പെടുത്തി. സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ആരാധകർക്ക് പോലും ഈ വിക്കറ്റ് അത്ഭുതമുണ്ടാക്കി. എന്തായാലും ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. 2023 ഏകദിന ലോകകപ്പിന്റെ സമയത്തും ഇത്തരത്തിൽ വിചിത്രമായ ഒരു പുറത്താകൽ നടന്നിരുന്നു. അന്ന് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസാണ് മറ്റൊരു രീതിയിൽ വിചിത്രമായി പുറത്തായത്. അന്ന് ടൈംഡ് ഔട്ടായിയാണ് എയ്ഞ്ചലോ മാത്യുസ് കൂടാരം കയറിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ന്യൂസിലാണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലേക്ക് വന്നാൽ ആദ്യ ദിവസം ബംഗ്ലാദേശ് അടിയറവ് പറയുന്നതാണ് കണ്ടത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് കേവലം 172 റൺസിൽ അവസാനിക്കുകയുണ്ടായി. ബംഗ്ലാദേശ് നിരയിൽ 35 റൺസ് നേടിയ മുഷ്‌ഫിഖുർ മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. ന്യൂസിലാൻഡിനായി സാന്റ്നറും ഗ്ലെന്‍ ഫിലിപ്സും 3 വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനെ എറിഞ്ഞിടാനും ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 55ന് 5 എന്ന നിലയിലാണ് ന്യൂസിലാൻഡ്.

Previous articleമിന്നുമണിയില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് മുട്ടൻ പണി. ഇംഗ്ലണ്ടിനോടേറ്റത് വമ്പൻ പരാജയം.
Next articleകളിക്കിടെ ശ്രീശാന്തും ഗംഭീറും തമ്മിലടി. ഗംഭിർ ആരെയും ബഹുമാനം ഇല്ലാത്തവനെന്ന് ശ്രീശാന്ത്.