എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ ടീം സെലക്ഷൻ. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തി കഴിഞ്ഞ കുറെ കാലമായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന പന്തിനെ ഉൾപ്പെടുത്തിയിരുന്നു ടീം മാനേജ്മെൻ്റ് എല്ലാവരെയും ഞെട്ടിച്ചത്. ഇപ്പോഴിതാ ഈ കാര്യം സംസാരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ സ്പിന്നർ മുരളി കാർത്തിക്.
സഞ്ജുവിനെ ഒഴിവാക്കിയത് നിർഭാഗ്യകരമാണെന്നാണ് ഇന്ത്യയുടെ മുൻ താരം പറഞ്ഞത്. “ഒരു ടീമിൽ ബൗളിംഗ് ഓപ്ഷനുകൾ വേണ്ടതാണ്. ഇന്ത്യയുടെ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇറങ്ങുന്നവർ പന്ത് എറിയാത്തത് നിർഭാഗ്യകരമാണ്. സഞ്ജുവിന്റെ ഏറ്റവും വലിയ നിർഭാഗ്യം അതാണ്. നമ്മൾ അവൻ മികച്ച കളിക്കാരൻ ആണെന്ന് പറഞ്ഞു കൊണ്ടിരിക്കും.
അവൻ നമ്മളുടെ വാക്കുകൾക്ക് ശരി വെച്ച് മികച്ച പ്രകടനം നടത്തി നല്ല സ്കോർ നേടുകയും ചെയ്യും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ അവൻ നന്നായി കളിച്ചിരുന്നു. തുടരെത്തുടരെ മികച്ച സ്കോർ അവൻ കണ്ടെത്തിയിട്ടും അവനെ മാറ്റി പന്ത് എറിയുന്ന ഒരു കാരണത്താൽ ഹൂഡയെ കളിപ്പിക്കുന്നു.”- മുരളി കാർത്തിക് പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പതർച്ചയിൽ നിൽക്കുമ്പോൾ ശ്രേയസ് അയ്യരുമൊത്ത് 94 റൺസിൻ്റെ കൂട്ടുകെട്ട് സഞ്ജു പടുത്തുയർത്തിയിരുന്നു.
38 പന്തുകളിൽ നിന്ന് 36 റൺസ് ആയിരുന്നു താരം നേടിയത്. അതേ സമയം മഴമൂലം രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ആദ്യ ഏകദിനത്തിൽ വിജയിച്ച ന്യൂസിലാൻഡ് ഇപ്പോൾ പരമ്പരയിൽ മുന്നിലാണ്. മഴമൂലം 29 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 12.5 ഓവറിൽ 89 റൺസിൽ നിൽക്കുമ്പോൾ ആയിരുന്നു മഴപെയ്തത്.