ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബൗളറെന്ന ഖ്യാതി വളരെ കുറച്ച് നാളുകൾ കൊണ്ട് നേടിയ താരമാണ് ജസ്പ്രീത് ബുംറ.ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഡെത്ത് ഓവറില്‍ കളി മുംബൈക്ക് വളരെ അനുകൂലമാക്കുന്നതില്‍ ബുംറയുടെ മികവിലാണ് നായകൻ രോഹിത് ശർമ്മ പലപ്പോഴും ആശ്രയിക്കാറുള്ളത് .
കെകെആറിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായകമായ 19ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സാണ് വിട്ടുകൊടുത്തത്. മത്സരം മുംബൈ ജയിക്കുന്നതിൽ ബുംറയുടെ 19 ആം ഓവറിന്റെ പങ്ക് വലുതായിരുന്നു .
എന്നാൽ ബൗളിങ്ങിൽ ഇപ്പോഴും ബുംറയെ അലട്ടുന്ന പ്രശ്നമാണ് താരം നോബോൾ തുടർച്ചയായി എറിയുന്നു എന്നത് .കൊൽക്കത്തക്ക് എതിരായ അവസാന മത്സരത്തിലും താരം ഒരു നോബോൾ എറിഞ്ഞിരുന്നു .ഓരോ പന്തും നിർണ്ണായകമാകുന്ന ടി:20 ക്രിക്കറ്റിൽ ഇത് താരത്തിന്റെ കരിയറിനെ പോലും ബാധിക്കുമെന്നാണ് ചിലരുടെ വാദം .
2017 മുതല്‍ ഐപിഎല്ലില്‍ കൂടുതല്‍ നോബോളെറിഞ്ഞ താരമെന്ന റെക്കോഡിനുടമ ബുംറയാണ്. 15 നോബോളുകളാണ് ഇക്കാലയളവില്‍ ബുംറ എറിഞ്ഞത് .ഐപിൽ ക്രിക്കറ്റിൽ ഇതുവരെ 94 മത്സരങ്ങളിൽ നിന്നായി താരം 111 വിക്കറ്റാണ് വീഴ്ത്തിയത്.