ഓസ്ട്രേലിയയിലേക്ക് താൻ വരില്ലെന്ന് മുഹമ്മദ്‌ ഷാമി. കാരണം വ്യക്തമാക്കി. റിപ്പോർട്ടുകൾ.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഹമ്മദ് ഷാമിക്കായി ആരാധകരും മുൻതാരങ്ങളും രംഗത്ത് വരികയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും മാറിനിന്ന മുഹമ്മദ് ഷാമിയെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് എല്ലാവരും മുൻപിലേക്ക് വെച്ചത്.

എന്നാൽ പിടിഐ ന്യൂസ് ഏജൻസിയുടെ പുതുതായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം മുഹമ്മദ് ഷാമി ഓസ്ട്രേലിയൻ പര്യടനത്തിൽ പങ്കെടുക്കുന്നതിൽ വിസമ്മതം അറിയിച്ചിട്ടുണ്ട്. താൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല എന്നാണ് മുഹമ്മദ് ഷാമി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പരിക്കിൽ നിന്ന് തിരികെ വന്നയുടൻ ടെസ്റ്റ്‌ കളിക്കാൻ താൻ പ്രാപ്തനല്ല എന്നാണ് മുഹമ്മദ് ഷാമി അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല പൂർണമായും നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷാമി ശ്രമിക്കുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ സൈദ് മുഷ്തഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ ബംഗാൾ ടീമിനായി മികച്ച പ്രകടനങ്ങളാണ് മുഹമ്മദ് ഷാമി കാഴ്ച വെച്ചിട്ടുള്ളത്. 2025 ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനാണ് ഷാമി ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ശേഷം 2025 മാർച്ച് മുതൽ മെയ് വരെ നടക്കുന്ന ഐപിഎല്ലില്ലും ഷാമി പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്കായിരുന്നു ഹൈദരാബാദ് ടീം മുഹമ്മദ് ഷാമിയെ സ്വന്തമാക്കിയത്. ബിസിസിഐയുമായി അടുത്തു നിൽക്കുന്ന ഒരു ഉറവിടത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് ഷാമി  ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ട്. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും മുഹമ്മദ് ഷാമി കളിക്കും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അവിടെ 3 സ്പെല്ലുകളായി 10 ഓവറുകളും പന്തറിയാൻ ഷാമി ശ്രമിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

“പരിക്ക് മൂലം ഉണ്ടാകുന്ന വീക്കം വരികയും പോകുകയും ചെയ്യും. എന്നാൽ മുഹമ്മദ് ഷാമി ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ തയ്യാറായിരിക്കുകയാണ്. ഡിസംബർ 21ന് ആരംഭിക്കുന്ന വിജയ് ഹസാരേ ട്രോഫിയിൽ ബംഗാൾ ടീമിനായി മുഹമ്മദ് ഷാമി കളിക്കും എന്നാണ് കരുതുന്നത്. ഒരു മത്സരത്തിൽ 3 സ്പെല്ലുകളായി 10 ഓവറുകൾ പന്തറിയാൻ ഷാമിയ്ക്ക് കഴിയും. ഷാമി തന്റെ കരിയറിന്റെ അവസാന സമയത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഇപ്പോൾ ദീർഘമായ സ്പെല്ലുകൾ എറിയാൻ ഷാമിയ്ക്ക് സാധിക്കില്ല. കഴിഞ്ഞ ഐപിഎൽ ഷാമിയ്ക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ 10 കോടി രൂപയ്ക്കാണ് ഹൈദരാബാദ്, താരത്തെ സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ ഇത്തവണ നിശ്ചിത ഓവർ ക്രിക്കറ്റിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവൻ ശ്രമിക്കുന്നത്.”- ഒരു ബിസിസിഐ ഉറവിടം അറിയിക്കുകയുണ്ടായി.

Previous article”എങ്ങനെ പന്തെറിഞ്ഞാലും ഇവിടെയൊരു സ്വിങുമില്ല”. രോഹിതിനെതിരെ ജസ്‌പ്രീത് ബുമ്ര.