ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തീപാറുന്ന പ്രകടനമാണ് മുഹമ്മദ് ഷാമി പുറത്തെടുത്തത്. തന്റെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 5 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷാമിയുടെ മറ്റൊരു തട്ടുപൊളിപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെയും കാണാൻ സാധിച്ചത്. ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ കുറച്ചു വമ്പൻ റെക്കോർഡുകളും തന്റെ പേരിൽ ചേർക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിൽ ഏറ്റവുമധികം തവണ 4 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് ആണ് മുഹമ്മദ് ഷാമി ഇപ്പോൾ സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. ഇതുവരെ ലോകകപ്പിൽ 6 തവണയാണ് ഷാമി 4 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ പേസർ മിച്ചൽ സ്റ്റാർക്ക് 6 തവണ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഷാമിയുടെ ഈ റെക്കോർഡിനൊപ്പം നിൽക്കുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ആകെ വിക്കറ്റ് നേട്ടത്തിൽ കുറച്ചു മുൻപിലേക്ക് എത്താൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ 13 ഇന്നിംഗ്സുകളിൽ നിന്നാണ് മുഹമ്മദ് ലോകകപ്പിൽ 40 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 40 വിക്കറ്റുകൾ ലോകകപ്പിൽ സ്വന്തമാക്കുന്ന താരമായി മാറാനും മുഹമ്മദ് ഷാമിക്ക് സാധിച്ചു. നിലവിൽ ഇന്ത്യയ്ക്കായി ലോകകപ്പുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളർമാരിൽ മൂന്നാം സ്ഥാനത്താണ് മുഹമ്മദ് ഷാമി നിൽക്കുന്നത്.
ഇന്ത്യക്കായി ലോകകപ്പുകളിൽ 44 വിക്കറ്റുകൾ വീതം സ്വന്തമാക്കിയിട്ടുള്ള സഹീർ ഖാനും ജവഗൽ ശ്രീനാഥുമാണ് ഈ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. നിലവിൽ 2023 ഏകദിന ലോകകപ്പിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ മുഹമ്മദ് ഷാമി ഈ റെക്കോർഡ് മറികടക്കും എന്നത് ഏറെക്കുറെ ഉറപ്പാണ്. ഒരുപക്ഷേ ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇതിനോടകം തന്നെ ഷാമി ഈ റെക്കോർഡ് മറികടന്നേനെ. ഷാമിയുടെ ഈ മിന്നുന്ന പ്രകടനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നൽകുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 7 ഓവറുകളിൽ നിന്ന് കേവലം 22 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു മുഹമ്മദ് ഷാമി 4 വിക്കറ്റുകൾ സ്വന്തമാക്കിയത്.
മത്സരത്തിൽ ഷാമി സ്വന്തമാക്കിയ 4 വിക്കറ്റുകളിൽ മൂന്നെണ്ണവും ബൗൾഡായിരുന്നു എന്നതും ശ്രദ്ധേയമാണ്. എത്രമാത്രം കൃത്യമായി വിക്കറ്റ് ടു വിക്കറ്റ് പന്തറിയാൻ മുഹമ്മദ് ഷാമിക്ക് സാധിക്കും എന്നതിന്റെ നേർക്കാഴ്ചയാണ് ഈ കണക്കുകൾ. എല്ലാത്തരത്തിലും ഇംഗ്ലീഷ് ബാറ്റർമാരെ തുരത്തിയായിരുന്നു മുഹമ്മദ് ഷാമിയുടെ ഈ അത്യുഗ്രൻ പ്രകടനം. വലിയ പ്രശംസ തന്നെയാണ് മുഹമ്മദ് ഷാമിക്ക് മത്സരശേഷം എല്ലാ ദിശകളിൽ നിന്നും ലഭിക്കുന്നത്. മാത്രമല്ല ഇത്രയധികം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന മുഹമ്മദ് ഷാമി എന്തുകൊണ്ടാണ് ഇന്ത്യ ആദ്യ മത്സരങ്ങളിൽ മൈതാനത്ത് ഇറക്കാതിരുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്.