രോഹിതിനെ പോലെ ഒരു നായകൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. രോഹിതിനെ പ്രശംസിച്ച് ഗംഭീർ രംഗത്ത്.

F8tSvMXaUAABO F

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതേവരെ ഇന്ത്യയെ തോൽപ്പിക്കാൻ മറ്റൊരു ടീമിനും ഈ ലോകകപ്പിൽ സാധിച്ചിട്ടില്ല. ടൂർണമെന്റിൽ തോൽവി അറിയാത്ത ഒരേ ഒരു ടീം ഇന്ത്യ മാത്രമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റൺസിന്റെ വിജയം സ്വന്തമാക്കിയതിന് ശേഷമായിരുന്നു സ്റ്റാർ സ്പോർട്സിൽ ഗംഭീർ രോഹിത്തിനെ പ്രശംസിച്ചു സംസാരിച്ചത്.

എല്ലാ തരത്തിലും രോഹിത് മികച്ച നായകൻ തന്നെയാണ് എന്ന് ഗൗതം ഗംഭീർ പറയുന്നു. മഹേന്ദ്ര സിംഗ് ധോണിയും സൗരവ് ഗാംഗുലിയുമടക്കം ഒരുപാട് നായകന്മാർ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി മികവ് പുലർത്താൻ രോഹിത്തിന് സാധിക്കുന്നുണ്ട് എന്നും ഗംഭീർ പറയുകയുണ്ടായി. പലപ്പോഴും രോഹിത് ശർമയുടെ നിസ്വാർത്ഥമായ പ്രകടനങ്ങളാണ് അദ്ദേഹത്തെ മികച്ച നേതാവാക്കി മാറ്റുന്നത് എന്നാണ് ഗംഭീറിന്റെ അഭിപ്രായം. രോഹിത്തിന്റെ ഈ ലോകകപ്പിലെ ബാറ്റിംഗ് ശരാശരിയും വിശകലനം ചെയ്തായിരുന്നു ഗംഭീർ തന്റെ അഭിപ്രായം അറിയിച്ചത്.

“ഒരു നായകനും ലീഡറും തമ്മിൽ വലിയ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയ്ക്ക് കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് നായകന്മാർ ഉണ്ടായിട്ടുണ്ട്. എന്നാൽ രോഹിത് ഒരു നായകൻ എന്നതിലുപരി ഒരു മികച്ച നേതാവാണ്. അവന്റെ നിസ്വാർത്ഥമായ പ്രകടനങ്ങളാണ് അതിന് പ്രധാന കാരണമായുള്ളത്.”- ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. എന്നാൽ മത്സരത്തിൽ രോഹിത് ശർമ പുറത്തായ രീതിയെ ഗംഭീർ വിമർശിക്കുകയും ചെയ്തിരുന്നു. നിർണായകമായ സമയത്ത് അനാവശ്യ ഷോട്ട് കളിച്ചാണ് രോഹിത് ശർമ കൂടാരം കയറിയത് എന്നായിരുന്നു ഗംഭീർ പറഞ്ഞത്. ഈ അനാവശ്യ ഷോട്ടോടെ 87 റൺസ് നേടിയ രോഹിത്തിന്റെ കഠിനാധ്വാനമാണ് അവസാനിച്ചത് എന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

ഈ ലോകകപ്പിൽ ഇതുവരെ വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് രോഹിത് ശർമ പുറത്തെടുത്തിട്ടുള്ളത് ഇന്ത്യൻ ടീമിനെ എല്ലാത്തരത്തിലും മുന്നിൽ നിന്ന് നയിക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 6 മത്സരങ്ങളിൽ നിന്ന് 398 റൺസ് ശർമ ഇതുവരെ നേടിയിട്ടുണ്ട്. 66 ആണ് രോഹിത്തിന്റെ ശരാശരി. 120 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ശർമ ഈ റൺവേട്ട നടത്തിയിരിക്കുന്നത്. നിലവിൽ ഈ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ നിൽക്കുന്നത്. എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായി വെടിക്കെട്ട് തുടക്കം തന്നെയാണ് രോഹിത് നൽകിയിട്ടുള്ളത്.

Scroll to Top