ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം.. ഷാമിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു വെടിക്കെട്ട് ബോളിംഗ് പ്രകടനം തന്നെയാണ് മുഹമ്മദ് ഷാമി പുറത്തെടുത്തത്. ഇന്ത്യക്കായി ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ മുഹമ്മദ് ഷാമിക്ക് അവസരം ലഭിച്ചിരുന്നില്ല. ശേഷം ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഷാമി ടീമിലേക്ക് തിരിച്ചെത്തുകയും നിർണായകമായ 5 വിക്കറ്റ് നേട്ടം കൊയ്യുകയും ചെയ്തിരുന്നു. ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഒരു വെടിക്കെട്ട് ബോളിംഗ് പ്രകടനമാണ് ഷാമി പുറത്തെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ മുഹമ്മദ് ഷാമിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുബ്രഹ്മണ്യം ബദ്രിനാഥ് മുഹമ്മദ് ഷാമിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. 2023 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി ഇംഗ്ലണ്ടിനെതിരെ കാഴ്ചവെച്ചത് എന്നാണ് സുബ്രഹ്മണ്യം ബദ്രിനാഥ് പറയുന്നത്. “യാതൊരു സംശയവും ഇല്ലാതെ ഞാൻ പറയുകയാണ്, 2023 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി മത്സരത്തിൽ പുറത്തെടുത്തത്”. സുബ്രഹ്മണ്യം ബദ്രിനാഥ് തന്റെ ട്വിറ്ററിൽ കുറിച്ചു. മത്സരത്തിൽ നിർണായകമായ 4 വിക്കറ്റുകളായിരുന്നു മുഹമ്മദ് ഷാമി തന്റെ പേരിൽ ചേർത്തത്.

മത്സരത്തിൽ 7 ഓവറുകളിൽ നിന്ന് കേവലം 22 റൺസ് മാത്രം വിട്ട് നൽകിയാണ് മുഹമ്മദ് ഷാമി 4 വിക്കറ്റുകൾ കൊയ്തത്. 230 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമായിരുന്നു നൽകിയത്. ശേഷമാണ് ഇംഗ്ലണ്ടിന്റെ 2 വിക്കറ്റുകൾ വീഴ്ത്തി ബുമ്ര മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കോയ്മ നൽകിയത്. ഇതിന് ശേഷമാണ് മുഹമ്മദ് ഷാമി മത്സരത്തിൽ തീയായി മാറിയത്. അപകടകാരിയായ ബെൻ സ്റ്റോക്സിനെ പുറത്താക്കിയായിരുന്നു മുഹമ്മദ് ഷാമി തന്റെ സംഹാരം ആരംഭിച്ചത്.

മത്സരത്തിൽ പലതരത്തിൽ മുഹമ്മദ് ഷാമിയ്ക്കെതിരെ സ്റ്റോക്സ് ആക്രമണം അഴിച്ചുവിടാൻ തയ്യാറായി. എന്നാൽ ഷാമിയുടെ കൃത്യമായ ലെങ്ത്തും ലൈനും സ്റ്റോക്സിനെ കുഴക്കുകയായിരുന്നു. സ്റ്റോക്സിന്റെ കുറ്റി പിഴുതെറിഞ്ഞാണ് മുഹമ്മദ് ഷാമി ആരംഭിച്ചത്.

പിന്നീട് അടുത്ത ഓവറിൽ തന്നെ അപകടകാരിയായ ജോണി ബെയർസ്റ്റോയെ ബൗൾഡാക്കാനും മുഹമ്മദ് ഷാമിക്ക് സാധിച്ചു. അതിന് ശേഷം കൃത്യമായി ഇംഗ്ലണ്ടിന് മുൻപിൽ സമ്മർദ്ദം ചെലുത്തി മുഹമ്മദ് ഷാമി മികവ് പുലർത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിങ്സിലെ 24ആം ഓവറിൽ മോയിൻ അലിയെ പുറത്താക്കിയാണ് മുഹമ്മദ് ഷാമി വീണ്ടും വീര്യം കാട്ടിയത്. പിന്നാലെ അദിൽ റഷീദിനെ പുറത്താക്കി മുഹമ്മദ് ഷാമി തന്റെ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി. കളിച്ച രണ്ടു മത്സരങ്ങളിൽ നിന്നായി ഇതുവരെ 9 വിക്കറ്റുകൾ സ്വന്തമാക്കാൻ ഷാമിക്ക് സാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന കണക്കുകളാണ്.