നിങ്ങൾക്ക് ഏറ്റവും പ്രിയ്യപ്പെട്ടവർ ഹോസ്പിറ്റൽ കിടക്കയിൽ ജീവനോട് മല്ലിടുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ മുഴുകാൻ സാധിക്കുമോ ? ഇല്ല നമ്മളിൽ ഭൂരിഭാഗം പേരും ലീവെടുത്തു അവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് തന്നെയാവും പ്രാധാന്യം നൽകുക …
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങളുടെ ഒന്നര വയസ്സ് പോലും തികയാത്ത പിഞ്ചോമന ഐ സി യൂ വിൽ കിടക്കേണ്ടി വരുന്ന സാഹചര്യം (അങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ )അവിടെ നമ്മൾ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ചോടിയെത്തില്ലേ ?
2016ൽ കൊൽക്കത്തയിൽ ന്യൂസീലന്ഡിനെതിരെ നമ്മളൊരു ടെസ്റ്റ് മാച്ച് കളിക്കുന്നുണ്ട് ,ആ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഷമിയുടെ 14 മാസം മാത്രം പ്രായമുള്ള മകൾ ഹോസ്പിറ്റലിൽ കടുത്ത പനിയെ തുടർന്ന് അഡ്മിറ്റ് ആവുന്നത് ,പിന്നീട് ശ്വാസം പോലും നല്ല രീതിയിൽ എടുക്കാൻ ആ പൈതൽ ബുദ്ധിമുട്ടിയ അവസ്ഥ .
ഇതറിഞ്ഞ നിമിഷം ആ ടെസ്റ്റിലെ പ്രധാന ബൗളർ ആയ അയാൾ പിന്മാറിയാൽ പോലും അവിടെ ആരും അയാളെ കുറ്റപ്പെടുത്തകയുമില്ല പക്ഷെ തന്റെ സേവനം സ്വന്തം രാഷ്ട്രത്തിന് അത്യാവശ്യമാണെന്ന് മനസിലാക്കി സ്വന്തം സ്വകാര്യ ദുഖത്തെ മാറ്റി നിർത്തി അയാൾ കിവികളുടെ വാലറ്റത്തെ എറിഞ്ഞുടക്കുകയായിരുന്നു
ഓരോ ദിനത്തെ കളി അവസാനിക്കുമ്പോഴും മകളെ ഹോസ്പിറ്റലിൽ പോയി സന്ദർശിച്ചു അയാൾ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു
അവിടെ ആ സെക്കന്റ് ഇന്നിങ്സിൽ റിവേഴ്‌സ് സ്വിങ്ങിന്റെ സൗന്ദര്യം ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചു കൊണ്ട് അയാൾ കിവികളുടെ ചിറകരിക്കുന്നതിൽ പ്രധാനിയാവുകയാണ് ,6 വിക്കറ്റുകൾ സ്വന്തമാക്കി ആ ടെസ്റ്റ് വിജയിക്കാൻ അയാൾ കാരണക്കാരനാവുകയാണ് ……
അന്ന് അയാളുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ തിങ്ങി നിറഞ്ഞ ജനങ്ങൾ മുഴുവൻ ഓരോ റൺ അപ്പിലും അയാൾക്കൊപ്പം ആരവങ്ങളോടെ നിലയുറപ്പിക്കുകയായിരുന്നു …..
ചില കാര്യങ്ങൾ ഓര്മപെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറുകയാണ് ,ഇവിടെ അദ്ദേഹത്തിന് വേണ്ടി രണ്ടു വാക്ക് സംസാരിച്ചില്ലെങ്കിൽ നമ്മൾ എന്ത് ക്രിക്കറ്റ് ആരാധകരാണ്
അതെ ഷമി നിങ്ങൾക്കൊപ്പം ഈ രാജ്യത്തിലെ “മനുഷ്യരുണ്ട് “…
എഴുതിയത് – Pranav Thekkedath