43കാരന്റെ മിന്നൽ സ്റ്റമ്പിങ്‌. സൂര്യകുമാറിന് ചിന്തിക്കാനുള്ള സമയം കിട്ടിയില്ല.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അതിവേഗ സ്റ്റമ്പിങ്ങുമായി 43കാരനായ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെ പുറത്താക്കാനാണ് ധോണി അതിവേഗ സ്റ്റമ്പിങ്ങുമായി എത്തിയത്.

43കാരനായ ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം മികവ് പുലർത്തിയത്. നൂർ അഹമ്മദിന്റെ പന്തിലായിരുന്നു ധോണിയുടെ ഈ കിടിലൻ സ്റ്റമ്പിങ്‌. ഇതോടെ ഒരു വലിയ ഇന്നിംഗ്സിലേക്ക് നീങ്ങിയ സൂര്യകുമാർ യാദവിനെ പുറത്താക്കാൻ ചെന്നൈയ്ക്ക് സാധിച്ചു.

Gmu90l0acAAQZf6

മത്സരത്തിൽ മുംബൈ ഇന്നിങ്സിന്റെ പതിനൊന്നാം ഓവറിലെ മൂന്നാം പന്തിലാണ് ധോണിയുടെ അത്ഭുത സ്റ്റമ്പിങ് പിറന്നത്. നൂർ അഹമ്മദ് എറിഞ്ഞ പന്തിൽ ഒരു ഡ്രൈവ് ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു സൂര്യകുമാർ. എന്നാൽ സൂര്യകുമാറിന് വേണ്ടരീതിയിൽ പന്തുമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. പന്ത് സൂര്യയെ മറികടന്ന് ധോണിയുടെ കൈകളിൽ എത്തി. ഇതേ നിമിഷം തന്നെ അതിവേഗ സ്റ്റംപിങ്ങിലൂടെ ധോണി സൂര്യയെ പുറത്താക്കുകയായിരുന്നു. തിരികെ ക്രീസിലേക്ക് കയറാൻ സൂര്യകുമാർ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗത്തിനു മുൻപിൽ മുട്ടുമടക്കുകയാണ് ഉണ്ടായത്.

ഇതോടെ 26 പന്തുകളിൽ 29 റൺസ് നേടിയ സൂര്യകുമാർ യാദവ് പുറത്തായി. 2 ബൗണ്ടറികളും ഒരു സിക്സറും മാത്രമായിരുന്നു സൂര്യകുമാർ യാദവിന് നേടാൻ സാധിച്ചത്. മാത്രമല്ല മുംബൈ ഇന്നിങ്സിലെ നിർണായകമായ സമയത്താണ് സൂര്യകുമാറിന്റെ ഈ പുറത്താകൽ. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ മുംബൈയുടെ സൂപ്പർതാരം രോഹിത് ശർമയെ പുറത്താക്കാൻ ഖലീൽ അഹമ്മദിന് സാധിച്ചു. പൂജ്യനായാണ് രോഹിത് മത്സരത്തിൽ മടങ്ങിയത്. പിന്നാലെ മറ്റൊരു ഓപ്പണറായ റിക്കൽട്ടൻ ആക്രമിക്കാൻ ശ്രമിച്ചതെങ്കിലും ചെന്നൈക്ക് മുമ്പിൽ വീഴുകയായിരുന്നു.

ഇത്തരത്തിൽ ആദ്യ 10 ഓവറുകൾക്കുള്ളിൽ നിരന്തരം മുംബൈയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് ക്രീസിലുറച്ച് ചെന്നൈയുടെ അറ്റാക്കിനെതിരെ പ്രതിരോധം തീർത്തത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ 3 മുൻനിര സ്പിന്നർമാരുമായാണ് ചെന്നൈ മൈതാനത്ത് എത്തിയിരിക്കുന്നത്. ചെന്നൈക്കായി നൂർ അഹ്മദും രവിചന്ദ്രൻ അശ്വിനും ജഡേജയും മികച്ച ബോളിംഗ് പ്രകടനം തന്നെ ആദ്യ ഓവറുകളിൽ കാഴ്ചവച്ചു.

Previous article“സഞ്ജുവും ജൂറലും നന്നായി കളിച്ചു. ഹൈദരാബാദ് 200 റൺസിൽ ഒതുങ്ങുമെന്ന് പ്രതീക്ഷിച്ചു”- റിയാൻ പരാഗ്.