കളി തോൽപ്പിക്കുന്നത് രാജാസ്ഥന്റെ മണ്ടൻ തീരുമാനങ്ങൾ. സൂപ്പർ ഓവറിൽ റാണയെ ഇറക്കാതിരുന്നത് പിഴവെന്ന് വാട്സൺ.

ഡൽഹിയ്ക്കെതിരായ മത്സരത്തിലെ രാജസ്ഥാൻ ടീമിന്റെ മോശം തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷൈൻ വാട്സൺ. മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിട്ടും സൂപ്പർ ഓവറിൽ നിതീഷ് റാണയെ ബാറ്റിംഗിന് ഇറക്കാതിരുന്ന രാജസ്ഥാന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇപ്പോൾ വാട്സൺ രംഗത്ത് എത്തിയിരിക്കുന്നത്.

മത്സരത്തിന്റെ അവസാന ഓവറിൽ 9 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടത്. എന്നാൽ ഇത് സ്വന്തമാക്കാൻ ജൂറലിനും ഹെറ്റ്മയറിനും സാധിച്ചില്ല. ശേഷം നടന്ന സൂപ്പർ ഓവറിലും ഹെറ്റ്മയറും റിയാൻ പരഗുമാണ് ക്രീസിൽ എത്തിയത്. ഇത് രാജസ്ഥാന്റെ പരാജയത്തിൽ കാരണമായി. ഇതിനെ സംബന്ധിച്ചാണ് വാട്സൺ വാചാലനായത്.

സൂപ്പർ ഓവറിൽ രാജസ്ഥാന് 2 വിക്കറ്റുകളും നഷ്ടമായത് റണ്ണൗട്ടിലൂടെ ആയിരുന്നു. ഇത് തീർത്തും ബുദ്ധിശൂന്യമായ ചില തീരുമാനങ്ങൾ ആയിരുന്നു എന്ന് വാട്സൺ പറയുന്നു. മാത്രമല്ല മത്സരത്തിൽ 51 റൺസ് നേടിയ നിതീഷ് റാണയെ പൂർണ്ണമായും അവഗണിച്ചത് രാജസ്ഥാന്റെ പരാജയത്തിൽ കാരണമായി എന്നാണ് വാട്സൺ കരുതുന്നത്.

മത്സരത്തിൽ റൺസ് സ്വന്തമാക്കിയതിനാൽ തന്നെ റാണ വലിയ ആത്മവിശ്വാസത്തിൽ ആയിരുന്നു എന്ന വാട്സൺ പറയുന്നു. അതുകൊണ്ടുതന്നെ പിന്നീട് അവനെ ബാറ്റിംഗിന് ഇറക്കേണ്ടത് രാജസ്ഥാന്റെ ആവശ്യമായിരുന്നു എന്നും വാട്സൺ കൂട്ടിച്ചേർത്തു.

“മത്സരത്തിൽ ബുദ്ധിശൂന്യമായ കുറച്ചധികം തീരുമാനങ്ങൾ രാജസ്ഥാൻ കൈക്കൊണ്ടു. 2 റണ്ണൗട്ടുകളാണ് രാജസ്ഥാനെ മത്സരത്തിൽ ബാധിച്ചത്. മാത്രമല്ല നിതീഷ് റാണയെ സൂപ്പർ ഓവറിൽ ഇറക്കാതിരിക്കാനുള്ള രാജസ്ഥാന്റെ തീരുമാനവും വളരെ മോശമായിരുന്നു. മത്സരത്തിൽ റൺസ് സ്വന്തമാക്കിയ ബാറ്ററാണ് നിതീഷ് റാണ. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അത്തരം ബാറ്ററെയാണ് മൈതാനത്ത് ഇറക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ അവനെ മാറ്റിനിർത്തിയത് വലിയ രീതിയിലുള്ള പിഴവാണ്.”- വാട്സൺ പറഞ്ഞു.

മത്സരത്തിലെ വിജയത്തിലൂടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചു. മറുവശത്ത് രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് കൂടുതൽ പരിതാപകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. വരും മത്സരങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവച്ച് തിരിച്ചു വന്നാൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിലേക്കുള്ള സാധ്യതകൾ നിലനിർത്താൻ സാധിക്കൂ. നിലവിൽ നായകൻ സഞ്ജു സാംസണ് പരിക്കേറ്റതും രാജസ്ഥാൻ റോയൽസിനെ ബാധിക്കുന്നുണ്ട്.