അങ്ങനെ വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു ഐപിഎൽ ഫൈനലിൽ എത്തിയിരിക്കുകയാണ്. 2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ 15 റൺസിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 172 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന്റെ ഇന്നിംഗ്സ് 157 റൺസിൽ അവസാനിച്ചു. ചെന്നൈയുടെ ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ധോണിയുടെ ഫീൽഡിങ് തന്ത്രങ്ങളായിരുന്നു. മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ പുറത്താക്കാൻ ഒരു തകർപ്പൻ കെണിയായിരുന്നു മഹേന്ദ്ര സിംഗ് ധോണി ഒരുക്കിയത്.
173 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് തരക്കേടില്ലാത്ത തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ അഞ്ചോവറുകളിൽ ഫാസ്റ്റ് ബോളർമാരെയാണ് ധോണി പരീക്ഷിച്ചത്. ശേഷം ധോണി സ്പിന്നർ മഹേഷ് തീക്ഷണയിലേക്ക് പോയി. ആറാം ഓവറിലെ നാലാം പന്തിൽ ഒരു ലെങ്ത് ബോൾ ആയിരുന്നു തീക്ഷണ എറിഞ്ഞത്. ഇത് അടിച്ചകറ്റാൻ ഹർദിക് പാണ്ഡ്യ ശ്രമിക്കുകയും മോയിൻ അലിയുടെ കൈകളിൽ പന്ത് എത്തുകയും ചെയ്തു. എന്നാൽ റൺസൊന്നും നേടാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല ശേഷം ധോണി ബാക്വാർഡ് സ്ക്വയറിൽ നിന്ന ജഡേജയോട് ബാക്വാർഡ് പോയിന്റിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
തൊട്ടടുത്ത പന്തിൽ തന്നെ തീക്ഷണ തന്റെ ലെങ്ത് അല്പം പിന്നിലേക്ക് വലിച്ചു. നാലാം സ്റ്റമ്പിന്റെ ലൈനിലായിരുന്നു തീക്ഷണ ആ പന്തറിഞ്ഞത്. ഈ സമയത്ത് ഹർദിക് പന്ത് കട്ട് ചെയ്യുകയാണുണ്ടായത്. പക്ഷേ കൃത്യമായ പ്ലാനിങ്ങോടെ ബാക്വാർഡ് പോയിന്റിലേക്ക് ധോണിയെത്തിച്ച ജഡേജ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അങ്ങനെ ഹർദിക് പാണ്ഡ്യ മത്സരത്തിൽ പുറത്താവുകയുണ്ടായി. കൃത്യമായ തന്ത്രത്തോടെ നേടിയ ഹർദിക്കിന്റെ വിക്കറ്റ് മത്സരത്തിൽ ചെന്നൈയെ ഒരുപാട് സഹായിക്കുകയും ചെയ്തു.
ഇതിനുശേഷം കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി ധോണിയെ പ്രശംസിച്ചിരുന്നു. കൃത്യമായ ഫീൽഡ് പ്ലേസിംഗോടെ ഹർദിക്കിന്റെ വിക്കറ്റ് വീഴ്ത്താൻ ധോണിയ്ക്ക് സാധിച്ചത് മത്സരത്തിൽ നിർണായകമായി എന്നും ശാസ്ത്രി പറഞ്ഞു. ‘ഹർദിക്കിന്റെ ഈഗോ വെച്ചാണ് ധോണി അവിടെ കളിച്ചത്’ എന്നായിരുന്നു ശാസ്ത്രി കമന്ററി ബോക്സിൽ പറഞ്ഞത്. എന്തായാലും മത്സരത്തിലൂടനീളം തകർപ്പൻ ക്യാപ്റ്റൻസി തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്.