അടുത്ത സീസൺ കളിച്ചാലും ഇല്ലെങ്കിലും ഞാൻ ചെന്നൈയ്‌ക്കൊപ്പം തന്നെ ഉണ്ടാവും. വികാരഭരിതനായി ധോണി.

2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 15 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ നേരിട്ട് ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ചെന്നൈക്കായി ഋതുരാജ് ആയിരുന്നു ആദ്യ ക്വാളിഫയറിൽ തിളങ്ങിയത്. ഒപ്പം ബോളർമാരുടെ കൃത്യമായ പ്രകടനങ്ങളും ചെന്നൈക്ക് മത്സരത്തിൽ രക്ഷയായി. മത്സരശേഷം മഹേന്ദ്ര സിംഗ് ധോണിയുമായി ഹർഷ ഭോഗ്ലെ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഈ സീസണോടുകൂടി ധോണി വിരമിക്കുമോ എന്ന കാര്യം ഹർഷ ധോണിയോട് സംസാരിക്കുകയുണ്ടായി. ഇതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അങ്ങനെയൊരു കാര്യം ചിന്തിക്കാൻ സമയമായിട്ടില്ല എന്നായിരുന്നു ധോണി ഭോഗ്ലെയ്ക്ക് നൽകിയ മറുപടി. “അക്കാര്യം എനിക്കറിയില്ല. ഇനിയും 8-9 മാസങ്ങൾ എനിക്ക് മുൻപിലുണ്ട്. അടുത്ത ഐപിഎൽ ലേലം നടക്കാൻ പോകുന്നത് ഡിസംബർ മാസത്തിലായിരിക്കും. അതിനാൽതന്നെ ഇപ്പോൾ അങ്ങനെ ഒരു തലവേദന എടുത്ത് വയ്ക്കേണ്ട കാര്യമെന്താണ്? ഞാൻ കരുതുന്നത് എനിക്ക് ആവശ്യമായ തീരുമാനമെടുക്കാൻ സമയമുണ്ട് എന്നാണ്. എന്നിരുന്നാലും, ടീമിൽ കളിച്ചാലും കളിച്ചില്ലെങ്കിലും ഞാൻ എപ്പോഴും ചെന്നൈ സൂപ്പർ കിങ്സിനൊപ്പമാവും ഉണ്ടാവുക.”- ധോണി പറഞ്ഞു.

ഒപ്പം ഈ സീസണിന് മുന്നോടിയായി താൻ നടത്തിയ പ്രയത്നങ്ങളെപ്പറ്റിയും ധോണി സംസാരിക്കുകയുണ്ടായി. “വലിയ കഠിനപ്രയത്നങ്ങളായിരുന്നു ഈ സീസണിന് മുൻപ് ഞങ്ങൾ നടത്തിയത്. നാലുമാസം മുമ്പാണ് ഞാൻ വീട്ടിൽ നിന്നും ഐപിഎല്ലിനായി ഇറങ്ങുന്നത്. ജനുവരി 31 മുതൽ ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങി. മാർച്ച് മാസത്തോടെ ഞങ്ങൾ പരിശീലനവും ആരംഭിച്ചു. അതിനാൽ തന്നെ ഇപ്പോഴും വിരമിക്കലിനെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ സമയമായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.”- ധോണി പറഞ്ഞു.

ലോകോത്തര ബോളർമാർ ഇല്ലാത്തതിനാൽ തന്നെ പലരും എഴുതിത്തള്ളിയ ടീമായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ യുവ താരങ്ങളെ കൂട്ടി യോജിപ്പിച്ച് തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ധോണി കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം എല്ലാ കളിക്കാരും അവസരത്തിനൊത്ത് ഉയർന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലുണ്ട്. ഇത് പത്താംതവണയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎല്ലിന്റെ ഫൈനലിൽ ഇടംകണ്ടെത്തുന്നത്.