ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും ഇന്ത്യ അവഗണിച്ചിരിക്കുന്നു എന്നതാണ് സ്ക്വാഡിലെ പ്രത്യേകത. ഇപ്പോൾ സഞ്ജുവിന് വലിയ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള എംപി ശശി തരൂർ.
ഇത്തരത്തിൽ സഞ്ജുവിനെ ഇന്ത്യ അവഗണിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ശശി തരൂർ പറയുന്നത്. സഞ്ജുവിനെ ഇന്ത്യ സ്ക്വാഡിൽ കേവലം ഒരു കളിക്കാരൻ എന്നതിലുപരി നായകനായി ഉൾപ്പെടുത്തേണ്ടിയിരുന്നു എന്ന് ശശി തരൂർ പറയുന്നു.
കഴിഞ്ഞ സമയങ്ങളിൽ കേരള ടീമിനായും രാജസ്ഥാൻ ടീമിനായും ആഭ്യന്തര ക്രിക്കറ്റിൽ നായകനായി വളരെ മികച്ച പ്രകടനങ്ങൾ സഞ്ജു പുറത്തെടുത്തിട്ടുണ്ട് എന്നും തരൂർ പറയുകയുണ്ടായി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ശശി തരൂർ ഇക്കാര്യം വെളിപ്പെടുത്തിയത്.
“സത്യസന്ധമായി പറഞ്ഞാൽ ഇത് വിശദീകരിക്കാൻ സാധിക്കാത്ത ഒന്നാണ്. കേവലം ഒരു കളിക്കാരനായല്ല, ടീമിന്റെ നായകനായി സഞ്ജുവിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. സീനിയർ താരങ്ങളുടെയൊക്കെയും അഭാവത്തിൽ അതാണ് ചെയ്യേണ്ടിയിരുന്നത്. കേരളത്തിന്റെയും രാജസ്ഥാന്റെയും നായകനായി ഒരുപാട് അനുഭവസമ്പത്ത് സഞ്ജുവിന് ഉണ്ടായിരുന്നു. മാത്രമല്ല സൂര്യകുമാർ യാദവിനെക്കാളും മികച്ച പ്രകടനമാണ് സഞ്ജു നായകനായി പുറത്തെടുത്തിട്ടുള്ളത്.”- ശശി തരൂർ പറഞ്ഞു.
ഒപ്പം സെലക്ടർമാർ ഈ ചോദ്യത്തിനൊക്കെയും ഉത്തരം നൽകണം എന്നാണ് ശശി തരൂർ ആവശ്യപ്പെടുന്നത്. “നമ്മുടെ സെലക്ടർമാർ ക്രിക്കറ്റ് ആരാധകരായ നമ്മൾക്കൊക്കെയും ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടതുണ്ട്. സഞ്ജു മാത്രമല്ല ചാഹലിനെയും ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?”- ശശി തരൂർ കൂട്ടിച്ചേർക്കുന്നു.
തന്റെ അവസാന അന്താരാഷ്ട്ര ട്വന്റി20 ഇന്നിംഗ്സിൽ 26 പന്തുകളിൽ നിന്ന് 40 റൺസ് നേടി മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. എന്നാൽ അതിന് ശേഷവും ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ടീമിൽ നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്.
നാളെ വിശാഖപട്ടണത്തിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. ശേഷം നവംബർ 26ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രണ്ടാം മത്സരം നടക്കും. ഡിസംബർ മൂന്നിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20 മത്സരം നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ സൂര്യകുമാർ യാദവിനെയാണ് ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിന്റെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിനൊപ്പം ചേരും. ശേഷം ശ്രേയസാവും ഇന്ത്യയുടെ ഉപനായകനായി ഇറങ്ങുക.