“ഇത് 1990 ഒന്നുമല്ലല്ലോ.. രാഹുലൊക്കെ പിന്നെന്തിന് ഫൈനലിൽ ഇങ്ങനെ കളിച്ചു?” വിമർശനവുമായി ഗൗതം ഗംഭീർ..

Gautam Gambhir Crictoday 1

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ രോഹിത് ശർമ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ഇന്ത്യ തങ്ങളുടെ ആക്രമണ മനോഭാവം തുടരേണ്ടതുണ്ടായിരുന്നു എന്നാണ് ഗംഭീർ പറഞ്ഞത്.

അതിന്റെ പേരിൽ ഇന്ത്യ 150 റൺസിന് ഓൾഔട്ടായാലും അത് താൻ അംഗീകരിച്ചേനെ എന്ന് ഗംഭീർ പറയുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ കാട്ടിയ പ്രതിരോധാത്മകമായ സമീപനം താൻ അംഗീകരിക്കുന്നില്ലന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇത് പറഞ്ഞത്.

മധ്യ ഓവറുകളിൽ കുറച്ചധികം ബൗണ്ടറികൾ കണ്ടെത്താനായി ഇന്ത്യ പരിശ്രമിക്കേണ്ടിയിരുന്നു എന്നാണ് ഗംഭീറിന്റെ ഭാഗം. “ഇതൊരു ഇരുവശങ്ങളുള്ള കത്തിയാണ്. എന്നിരുന്നാലും ഞാൻ ഇതുതന്നെ പറഞ്ഞേനെ. ഏറ്റവും ധൈര്യമുള്ള ടീം തന്നെയാണ് ലോകകപ്പ് വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് 11 മുതൽ 40 വരെയുള്ള ഓവറുകൾ വളരെ നിർണായകമായിരുന്നു. ആ സമയത്ത് കൂട്ടുകെട്ട് ഉണ്ടാക്കാൻ സമയം ആവശ്യമായിരുന്നു എന്നത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ ആ സമയത്ത് ഏതെങ്കിലും ഒരു ബാറ്റർ സ്വയം റിസ്ക് എടുക്കാൻ തയ്യാറാവണമായിരുന്നു.”- ഗംഭീർ പറയുന്നു.

“ഇന്ത്യയുടെ ആദ്യ 6-7 ബാറ്റർമാർ ആക്രമണപരമായി തന്നെ കളിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഇന്ത്യൻ 150ന് ഓൾഔട്ടായെങ്കിലും അതിനെ ഞാൻ തെറ്റുപറയില്ല. പക്ഷേ ലോകകപ്പിന്റെ ഫൈനലിൽ 240 പോലെയുള്ള ഒരു സ്കോർ പ്രതിരോധിക്കാൻ ശ്രമിക്കുക എന്നത് ഒരു പോരാട്ടമല്ല. ഒന്നുകിൽ ഇന്ത്യ 150ന് ഓൾഔട്ടാവണമായിരുന്നു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

അല്ലെങ്കിൽ 300 റൺസെങ്കിലും സ്വന്തമാക്കണമായിരുന്നു. അവിടെയാണ് ഇന്ത്യയ്ക്ക് തെറ്റുപറ്റിയത്. ഈ തെറ്റുമൂലമാണ് ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റ്കളിൽ വിജയിക്കാൻ സാധിക്കാത്തത്. താൻ പുറത്തായാലും ബാക്കിയുള്ളവർ ആക്രമണപരമായി കളിക്കണം എന്ന സന്ദേശം രോഹിത് ശർമ തന്റെ സഹതാരങ്ങൾക്ക് കൈമാറേണ്ടിയിരുന്നു.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

” കോഹ്ലി ഇന്നിങ്സിൽ ആങ്കറുടെ റോളാണ് കളിച്ചത്. പക്ഷേ ബാക്കിയുള്ള ബാറ്റർമാർ ആക്രമണപരമായി കളിക്കണമായിരുന്നു. കെഎൽ രാഹുൽ ആക്രമിച്ചു കളിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കാനാണ്? ഒരുപക്ഷേ നമ്മൾ 150 റൺസിന് ഓൾഔട്ടായേനെ. എന്നാൽ അത് നമുക്ക് അനുകൂലമായി വന്നിരുന്നെങ്കിൽ, 310 റൺസോളം നമുക്ക് നേടാൻ സാധിച്ചേനെ.

അങ്ങനെയെങ്കിൽ ഇന്ത്യ ലോക ചാമ്പ്യന്മാരായേനെ. ഇത് 1990കളല്ല. 240 എന്നത് ഇന്ന് ഒരു മൈതാനത്തും മികച്ച സ്കോറല്ല. നമുക്കു വേണ്ടത് 300ലധികം റൺസാണ്. അത്രയ്ക്ക് ചിന്തിക്കാൻ ഇന്ത്യ തയ്യാറായില്ല. “- ഗംഭീർ പറഞ്ഞു വെക്കുന്നു.

Scroll to Top