“കോഹ്ലി ഇനിയും ഏകദിന ലോകകപ്പ് കളിക്കും. കിരീടമുയർത്തും”. സഞ്ജയ്‌ ബംഗാറിന്റെ വാക്കുകൾ.

F SSMXKasAA4piI scaled

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ വിധിക്കപ്പെട്ട താരമാണ് എന്ന പ്രസ്താവനയുമായി ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. ഈ ലോകകപ്പിലെ കോഹ്ലിയുടെ മാസ്മരിക പ്രകടനം ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ബംഗാർ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു വിരാട് കോഹ്ലി.

ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായി കോഹ്ലി മാറിയിരുന്നു. 11 മത്സരങ്ങൾ ലോകകപ്പിൽ കളിച്ച കോഹ്ലി 765 റൺസാണ് സ്വന്തമാക്കിയത്. 95.62 എന്ന ശരാശരിയിലായിരുന്നു കോഹ്ലിയുടെ നേട്ടം. 3 സെഞ്ചുറികളും 6 അർത്ഥസെഞ്ചുറികളും കോഹ്ലി ടൂർണമെന്റിൽ കുറിക്കുകയുണ്ടായി. ഇതിന് ശേഷമാണ് സഞ്ജയ് ബംഗാർ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇന്ത്യയ്ക്കായി ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ലോക കിരീടം ചൂടാൻ കോഹ്ലിക്ക് സാധിച്ചില്ല. ഇനിയും കോഹ്ലിക്ക് കിരീടം ചൂടാൻ മറ്റൊരു ലോകകപ്പ് വരും എന്നാണ് സഞ്ജയ് ബംഗാർ വിശ്വസിക്കുന്നത്. വരുന്ന ലോകകപ്പിലും കോഹ്ലി കളിക്കും എന്ന തന്റെ പ്രതീക്ഷയാണ് ബംഗാർ പ്രകടിപ്പിച്ചിരിക്കുന്നത്.

“റൺസ് കണ്ടെത്താൻ വലിയ ആഗ്രഹമാണ് കോഹ്ലിയ്ക്ക്. അദ്ദേഹത്തെ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. ഇനിയും കോഹ്ലിയിൽ കുറച്ചധികം കാര്യങ്ങൾ സ്പെഷ്യലായത് അവശേഷിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. സച്ചിൻ ടെണ്ടുൽക്കർക്ക് 6 ലോകകപ്പുകൾ കാത്തിരിക്കേണ്ടി വന്നു തന്റെ ആദ്യ ലോക കിരീടം സ്വന്തമാക്കാൻ.”- ബംഗാർ പറയുന്നു.

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ

വരുന്ന ലോകകപ്പിൽ കോഹ്ലി കളിക്കുമെന്നും ഇന്ത്യയ്ക്കായി കിരീടം ഉയർത്തുമെന്നും ബംഗാർ കൂട്ടിച്ചേർത്തു. “ഏറ്റവും മികച്ചതിനെ ദൈവം വീണ്ടും പരീക്ഷിച്ചുകൊണ്ടിരിക്കും. എന്തായാലും കോഹ്ലി അടുത്ത ലോകകപ്പിലും കളിക്കാൻ വിധിക്കപ്പെട്ടവനാണ് എന്ന് ഞാൻ കരുതുന്നു. ഇനിയുള്ള ലോകകപ്പിൽ കോഹ്ലിക്ക് ആ ഗോൾഡ് മെഡലിൽ എത്താൻ സാധിക്കുമെന്ന് ആഗ്രഹിക്കുകയും, അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.”- ബംഗാർ കൂട്ടിച്ചേർത്തു.

ഈ ടൂർണമെന്റിൽ ഒരുപാട് റെക്കോർഡുകളാണ് വിരാട് കോഹ്ലി മറികടന്നത്. തന്റെ 35ആം പിറന്നാൾ ദിവസം തന്നെ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്തിച്ചേരാൻ കോഹ്ലിക്ക് സാധിച്ചിരുന്നു.

മാത്രമല്ല സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആ റെക്കോർഡ് മറികടന്ന് 50 ഏകദിന സെഞ്ചുറികൾ എന്ന വമ്പൻ റെക്കോർഡ് നേടാനും കോഹ്ലിക്ക് സാധിച്ചു. ഏകദിന ലോകകപ്പ് എഡിഷനിലെ ഒരു ബാറ്ററുടെ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡിലും സച്ചിനെ കോഹ്ലി മറികടന്നിട്ടുണ്ട്.

ഇത്രയൊക്കെ മികച്ച പ്രകടനങ്ങൾ കോഹ്ലി പുറത്തെടുത്തിട്ടും, ഫൈനൽ മത്സരത്തിൽ പരാജയം നേരിടേണ്ടിവന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നിരുന്നാലും പൂർവാധികം ശക്തിയോടെ കോഹ്ലി ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top