2021 ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം. ലോകകപ്പിന്‍റെ സൂപ്പര്‍ 12 മത്സരത്തിലാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ 24 ന് ദുബായില്‍ വച്ചാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം. മത്സരത്തിനു മുന്‍പായി സാധ്യതകള്‍ വിലയിരുത്തകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.
പ്രവചിക്കാന്‍ പറ്റാത്ത ടീമാണ് പാക്കിസ്ഥാനെന്നും അവരുടേതായ ദിവസങ്ങളില്‍ ലോകത്തിലെ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ സാധിക്കാന്‍ കഴിയും എന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം. എന്നാല്‍ പാക്കിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള ഇന്ത്യക്കായിരിക്കും മുന്‍തൂക്കം എന്നും മോണ്ടി പനേസര്‍ പറയുന്നുണ്ട്.
” പാക്കിസ്ഥാനെ പ്രവചിക്കാന്‍ കഴിയില്ലാ. പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു മാത്രമേ സാധിക്കുള്ളു. ഇത്തവണ അവര്‍ ഒരുങ്ങിയാണ് ലോകകപ്പിനു എത്തിയിരിക്കുന്നത്. പക്ഷേ ഇതുവരെയുള്ള റെക്കോഡുകള്‍ നോക്കുകയാണെങ്കില്‍ മത്സരത്തില്‍ സമ്മര്‍ദ്ദം പാക്കിസ്ഥാനായിരിക്കും. ” മോണ്ടി പനേസര്‍ പറഞ്ഞു.
മത്സരത്തില്‍ പാക്കിസ്ഥാന്‍റെ രണ്ട് നിര്‍ണായക താരങ്ങളുടെ പേരുകളും മോണ്ടി പനേസര്‍ പറഞ്ഞു. ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയേയുമാണ് ശ്രദ്ധിക്കേണ്ടത് എന്ന് കാണിച്ചു തന്നു. അതിനാല്‍ ഇടംകൈയ്യന്‍ ബോളര്‍മാര്‍ക്കെതിരെ കോഹ്ലിയും രാഹുലും പരിശീലനം നടത്താനും മോണ്ടി പനേസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സരത്തില്‍ ബാബര്‍ അസമിന്‍റെ വിക്കറ്റ് വേഗം നേടാനായാല്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് ചീട്ട് കൊട്ടാരം പോലെ തകരുമെന്നും മോണ്ടി പനേസര്‍ വിലയിരുത്തി.