ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഷോക്കായിരുന്നു റിഷഭ് പന്തിന്റെ കൂടുമാറ്റം. കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിന്റെ താരമായ പന്ത് ഇത്തവണ ഫ്രാഞ്ചൈസി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം പന്ത് കൂടുതൽ പണം ആവശ്യപ്പെട്ടതാണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പക്ഷേ ഇതിൽ യാഥാർത്ഥ്യമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡൽഹി ടീമിന്റെ സഹ ഉടമയായ പാർത് ജിണ്ടൽ. പന്ത് ഡൽഹി വിടാനുള്ള പ്രശ്നം പണമായിരുന്നില്ല എന്നാണ് പാർത് ജിണ്ടൽ പറയുന്നത്. ടീം ഉടമകളുമായി പന്തിന് ആശയപരമായ ഭിന്നതയുണ്ടായിരുന്നുവെന്നും, അതിന്റെ പേരിലാണ് പന്ത് ടീം വിട്ടത് എന്നും ജിണ്ടൽ കൂട്ടിച്ചേർക്കുകയുണ്ടായി.
കഴിഞ്ഞ 9 സീസണുകളിൽ ഡൽഹി ടീമിനായി കളിച്ച താരമാണ് പന്ത്. 3 സീസണുകളിൽ ടീമിന്റെ നായകനായി പന്ത് കളിച്ചിരുന്നു. ആശയപരമായ ഭിന്നതയാണ് ഇത്തരത്തിൽ പന്തിനെ മറ്റൊരു ടീമിൽ എത്തിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
“റിഷഭ് പന്തിനും ഞങ്ങൾക്കും പണം ഒരു പ്രശ്നമായിരുന്നില്ല. ആശയപരമായ എതിർപ്പുകളാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഞങ്ങൾ ശ്രമിച്ചത് ടീമിനെ നന്നായി മുന്നോട്ടു കൊണ്ടുപോകാനാണ്. പക്ഷേ ഇക്കാര്യത്തിൽ വ്യത്യസ്തമായ ചിന്തയായിരുന്നു പന്തിന് ഉണ്ടായിരുന്നത്. ടീം ഉടമകളുടെയും റിഷഭ് പന്തിന്റെയും ചിന്താഗതി വ്യത്യസ്തമായത് അവന്റെ കൂടുമാറ്റത്തിൽ പ്രധാന പങ്കുവഹിച്ചു.”- ജിണ്ടൽ പറയുന്നു.
“പന്തിനെ നിലനിർത്താനായി ഞങ്ങൾക്ക് സാധിക്കുന്നതൊക്കെയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന് മുൻപ് അദ്ദേഹം തീരുമാനം കൈക്കൊണ്ടിരുന്നു. അങ്ങനെയൊരു തീരുമാനം ഒരു താരമെടുത്താൽ അതിനെ മാനിക്കുക എന്നത് മാത്രമാണല്ലോ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുക. പന്ത് ടീം വിട്ടത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. കാരണം അവൻ എന്നെ സംബന്ധിച്ച് ഒരു സഹോദരൻ തന്നെയായിരുന്നു. ടീമിന്റെ നായകത്വവുമായി ബന്ധപ്പെട്ട് പന്തുമായി ഞങ്ങൾക്ക് യാതൊരു തർക്കവും ഉണ്ടായിട്ടില്ല. പന്തിന്റെ ക്യാപ്റ്റൻസിയെ പറ്റി ഞങ്ങൾ പല സമയത്തും വിലയിരുത്തിയിരുന്നു. അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റിയും സംസാരിച്ചിരുന്നു.”- ജിണ്ടൽ കൂട്ടിച്ചേർത്തു.
“റിഷഭ് പന്തിന്റെ ലക്ഷ്യങ്ങളെ പറ്റി ഞങ്ങൾക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നു. പന്ത് ആഗ്രഹിച്ചത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവണം എന്നായിരുന്നു. അത് ഞങ്ങളോട് അവൻ വ്യക്തമായി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനാകുന്നതിലൂടെ ഇന്ത്യൻ ടീമിന്റെ നായകനാവാനുള്ള ഒരു വഴി ഒരുങ്ങുമെന്നും അവന് കൃത്യമായി ബോധ്യം ഉണ്ടായിരുന്നു.”- ജിണ്ടൽ പറഞ്ഞു വയ്ക്കുന്നു. ഡൽഹി ടീം വിട്ടെങ്കിലും വലിയ രീതിയിലുള്ള സ്വീകാര്യതയായിരുന്നു ഐപിഎൽ ലേലത്തിൽ പന്തിന് ലഭിച്ചത്. റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലക്നൗ ടീം പന്തിനെ ലേലത്തിൽ സ്വന്തമാക്കിയത്.