പരിശീലന മത്സരത്തിൽ തന്നെ ഇന്ത്യൻ മണ്ണിനെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. നെതർലാൻഡ്സിനെതിരായ ഓസ്ട്രേലിയയുടെ പരിശീലന മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കിയാണ് മിച്ചൽ സ്റ്റാർക്ക് ലോകകപ്പിനെ വരവേറ്റിരിക്കുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരിശീലന മത്സരത്തിലാണ് സ്റ്റാർക്ക് ഈ അത്ഭുതപ്രകടനം കാഴ്ചവച്ചത്.
ടൂർണമെന്റിലെ മറ്റു ടീമുകൾക്ക് ഒരു മുന്നറിയിപ്പാണ് ഈ തകർപ്പൻ പ്രകടനത്തിലൂടെ സ്റ്റാർക്ക് നൽകിയിരിക്കുന്നത്. നിലവിൽ ഈ ലോകകപ്പിലെ ഫേവറേറ്റ് ടീമുകളിൽ ഒന്നുതന്നെയാണ് ഓസ്ട്രേലിയ. അവരുടെ ബോളിഗ് വ്യക്തമാക്കുന്ന പ്രകടനമാണ് ആദ്യ പരിശീലന മത്സരത്തിൽ നിന്ന് ലഭിക്കുന്നത്.
മത്സരത്തിൽ 167 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലാൻഡ്സിനെയാണ് സ്റ്റാർക്ക് ഞെട്ടിച്ചത്. നെതർലാൻസിന്റെ ഇന്നിംഗ്സിലെ ആദ്യ ഓവർ എറിഞ്ഞത് സ്റ്റാർക്കായിരുന്നു. ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിന് ഒരു ബൗണ്ടറി വഴങ്ങേണ്ടിവന്നു. എന്നാൽ അഞ്ചാം പന്തിൽ ഒരു ഉഗ്രൻ തിരിച്ചുവരവാണ് സ്റ്റാർക്ക് നടത്തിയത്. നെതർലൻഡ്സിന്റെ ഓപ്പണർ മാക്സ് ഒഡൗഡിനെ വിക്കറ്റിനു മുൻപിൽ കുടുക്കിയാണ് സ്റ്റാർക്ക് ആരംഭിച്ചത്. ശേഷം തൊട്ടടുത്ത പന്തിൽ തന്നെ ബരേസിയെ സ്റ്റാർക്ക് ബൗൾഡാക്കി പുറത്താക്കുകയുണ്ടായി. തന്റെ സ്വതസിദ്ധമായ സിംഗിംഗ് ബോളുകളിലാണ് സ്റ്റാർക്ക് ഈ വിക്കറ്റുകൾ സ്വന്തമാക്കിയത്.
ശേഷം മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു സ്റ്റാർക്ക് തൊട്ടടുത്ത വിക്കറ്റ് സ്വന്തമാക്കിയത്. നെതർലാൻഡ് ബാറ്റർ ബാസ് ഡി ലീഡെയെ കുടുക്കിയാണ് സ്റ്റാർക്ക് തന്റെ ഹാട്രിക് നേട്ടം കൈവരിച്ചത്. ഒരു ഇൻസിംഗർ ബോളിൽ ലീഡെയുടെ കുറ്റിതെറിപ്പിച്ച് ആയിരുന്നു സ്റ്റാർക്ക് അൽഭുതം കാട്ടിയത്. ഇങ്ങനെ പരിശീലന മത്സരത്തിൽ തന്നെ ഹാട്രിക് സ്വന്തമാക്കാൻ സ്റ്റാർക്കിന് സാധിച്ചു. മറുവശത്ത് സ്റ്റാർക്കിന്റെ ഇരയായ മൂന്ന് ബാറ്റർമാരും റൺസ് ഒന്നും നേടാതെയാണ് കൂടാരം കയറിയത്. ഈ ലോകകപ്പിൽ ഓസ്ട്രേലിയൻ താരങ്ങളുടെ ബോളിംഗ് വലിയ ചർച്ചാവിഷയം തന്നെയാണ്. അതിന് ആക്കം കൂട്ടുന്ന പ്രകടനമാണ് പരിശീലന മത്സരത്തിൽ സ്റ്റാർക്ക് കാഴ്ച വച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയക്കായി ഓപ്പണിങ് ഇറങ്ങിയത്. മത്സരത്തിൽ 42 പന്തുകളിൽ 55 റൺസ് സ്വന്തമാക്കാൻ സ്മിത്തിന് സാധിച്ചു. ശേഷം ക്യാമറോൺ ഗ്രീൻ 26 പന്തുകളിൽ 34 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി നെതർലാൻഡ്സും മത്സരത്തിൽ തിരികെ വരികയുണ്ടായി. ഇങ്ങനെ ഓസ്ട്രേലിയ നിശ്ചിത 23 ഓവറുകളിൽ 166 എന്ന സ്കോറിൽ എത്തുകയായിരുന്നു. പിന്നീടാണ് സ്റ്റാർക്കിന്റെ ഈ അത്ഭുത ബോളിംഗ്.