അവനെ ടീമിലെടുക്കാത്തിരുന്നത് ഇന്ത്യ കാട്ടിയ വലിയ അബദ്ധം. യുവരാജ് സിംഗിന്റെ പ്രതികരണം.

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ട വിമർശനം സ്പിൻ നിരയിലുള്ള ഇന്ത്യയുടെ ദൗർബല്യമായിരുന്നു. ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പ്രധാന സ്പിന്നറായ യൂസുവേന്ദ്ര ചാഹലിനെ പരിഗണിച്ചിരുന്നില്ല. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് അടക്കമുള്ള താരങ്ങൾ ഇതിനെ പരസ്യമായി ചോദ്യംചെയ്ത് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരവും ഇതിഹാസവുമായ യുവരാജ് സിംഗ്. ചാഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തത് വളരെ മോശം തീരുമാനമാണ് എന്ന് യുവരാജ് പറയുന്നു.

ഇന്ത്യ കാണിച്ച വലിയ അബദ്ധം തന്നെയാണ് ചഹലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് എന്ന് യുവി പറയുന്നു. ഇന്ത്യയിലെ സ്ലോ വിക്കറ്റുകളിൽ വളരെ അപകടകാരിയായ ബോളറാണ് ചാഹൽ എന്നാണ് യുവിയുടെ പക്ഷം. “ചാഹലിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് വലിയ അബദ്ധം തന്നെയാണ്. എന്നെ അത് വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു. കളിക്കാൻ മൈതാനത്ത് ഇറക്കിയില്ലെങ്കിലും അയാളെ ഇന്ത്യയ്ക്ക് 15 അംഗ സ്ക്വാഡിലെങ്കിലും ഉൾപ്പെടുത്താമായിരുന്നു.

കുൽദീപ് യാദവ് മികച്ച സ്പിന്നറാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യക്കായി സമീപ സമയത്ത് വളരെ മികച്ച പ്രകടനങ്ങളും കുൽദീപ് കാഴ്ച വച്ചിട്ടുണ്ട്. എന്നാൽ ടീമിൽ ഒരു ലെഗ് സ്പിന്നറെ ആവശ്യമായിരുന്നു. വിക്കറ്റ് വീഴ്ത്താനും പ്രത്യേക കഴിവുള്ളവരാണ് ലെഗ് സ്പിന്നർമാർ.”- യുവരാജ് പറയുന്നു.

“ഇന്ത്യയിലെ സ്പിന്നിംഗ് ട്രാക്കുകളിൽ ചഹൽ വളരെ പ്രധാനപ്പെട്ട ബോളറായിരുന്നു. എതിർ ടീമുകളെ സംബന്ധിച്ച് അവൻ വലിയ അപകടകാരിയുമാണ്. നിലവിലെ ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യ മൂന്നാം സീമറായി കളിക്കുന്നു. അത് ഇന്ത്യയ്ക്ക് സന്തുലിതാവസ്ഥ നൽകുന്നുണ്ട്. അതേപോലെതന്നെ ചാഹലിനെയും ഇന്ത്യയ്ക്ക് ഉൾപ്പെടുത്താമായിരുന്നു.”- യുവരാജ് സിംഗ് കൂട്ടിച്ചേർക്കുന്നു. ഇന്ത്യക്കായി ഇതുവരെ 72 ഏകദിന മത്സരങ്ങളാണ് ചാഹൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 141 വിക്കറ്റുകൾ സ്വന്തമാക്കാനും ചാഹലിന് സാധിച്ചിട്ടുണ്ട്.

നിലവിലെ ഇന്ത്യയുടെ സ്പക്വാഡിൽ കുൽദീപ് യാദവ് മാത്രമാണ് സ്പെഷലിസ്റ്റ് സ്പിന്നറായുള്ളത്. ഒപ്പം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഇന്ത്യ സ്ക്വാഡിലേക്ക് പരിഗണിച്ചിട്ടുണ്ട്. മുൻപ് അക്ഷർ പട്ടേലിനെയിരുന്നു ഇന്ത്യ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അക്ഷറിന് പരിക്ക് പറ്റിയ സാഹചര്യത്തിൽ രവിചന്ദ്രൻ അശ്വിനെ ഇപ്പോൾ ടീമിനൊപ്പം ചേർത്തിട്ടുണ്ട്. ഒന്നര വർഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ ആയിരുന്നു അശ്വിൻ ഏകദിന ടീമിലേക്ക് തിരികെയെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടുമത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അശ്വിൻ സാധിച്ചു