വീണ്ടും അഭിമാനമായി മിന്നുമണി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീമിൽ കളിക്കും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേരളത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് വനിതാ ക്രിക്കറ്റർ മിന്നുമണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പരമ്പരയിൽ മിന്നുമണിയാണ് ഇന്ത്യയുടെ വനിത എ ടീമിനെ നയിക്കുന്നത്. മിന്നുമണിയുടെ കീഴിൽ ഇതുവരെ ഇന്ത്യ എ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഇതിന് ശേഷം ഇപ്പോൾ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് മിന്നുമണിക്ക് വീണ്ടും വിളിയെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലേക്കാണ് ഇപ്പോൾ മിന്നുമണിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ ആറിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

മിന്നുമണിയെ സംബന്ധിച്ച് വളരെ ആവേശകരമായ ഒരു അനൗൺസ്മെന്റ് തന്നെയാണ് വന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 16 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യൻ ടീമാണ് ട്വന്റി20 പരമ്പര കളിക്കാൻ തയ്യാറായിരിക്കുന്നത്. ഹർമൻപ്രീത്ത് കോറാണ് ടീമിന്റെ നായിക. ഓപ്പണർ സ്മൃതി മന്ദന ടീമിന്റെ ഉപനായികയായി തുടരും. ഡിസംബർ 6, ഡിസംബർ 9, ഡിസംബർ 12 എന്നീ ദിവസങ്ങളിലാണ് പരമ്പരയിലെ 3 ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയമാണ് 3 മത്സരങ്ങൾക്കും വേദിയാവുക. എന്നാൽ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ മിന്നുമണിയെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല.

ഈ മാസം 14 മുതൽ 17 വരെയാണ് ഇന്ത്യൻ വനിതകളുടെ ഇംഗ്ലണ്ട് വനിതകൾക്ക് എതിരായ ടെസ്റ്റ് മത്സരം നടക്കുക. ശേഷം ഡിസംബർ 21ന് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരവും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റിനുമായി ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കൂടാതെ 3 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളും ഇന്ത്യൻ വനിതകൾ കളിക്കുന്നുണ്ട്. എന്നാൽ ഈ രണ്ടു ഫോർമാറ്റിനുമുള്ള സ്ക്വാഡിനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

നിലവിൽ ഇംഗ്ലണ്ട് എ ടീമിനെതിരായ ഇന്ത്യൻ എ ടീമിന്റെ പരമ്പരയിൽ നായികയായി മിന്നുമണി കളിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 3 റൺസിന് ഇന്ത്യ എ ടീം ഇംഗ്ലണ്ട് ടീമിനെ പരാജയപ്പെടുത്തുകയുണ്ടായി. എന്നാൽ രണ്ടാം മത്സരത്തിൽ 4 വിക്കറ്റുകളുടെ പരാജയം ഇന്ത്യൻ ടീമിന് നേരിടേണ്ടിവന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 149 റൺസായിരുന്നു നേടിയത്.

ഇംഗ്ലണ്ട് എ ടീം ഈ വിജയലക്ഷം 6 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. എന്നിരുന്നാലും മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ മിന്നുമണിക്ക് സാധിച്ചു. 13 പന്തുകളിൽ 14 റൺസാണ് മിന്നുമണി ബാറ്റിംഗിൽ നേടിയത്. ബോളിംഗിൽ 2 വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കുകയും ചെയ്തിരുന്നു.

Previous article“ഭയമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്, അതിൽ ടീം വിജയിച്ചു” നായകൻ സൂര്യകുമാർ യാദവ് പറയുന്നു.
Next articleധോണിയ്ക്ക് ശേഷം സഞ്ജു ചെന്നൈയുടെ നായകനാവുമോ? സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഇന്ത്യൻ താരം..