ധോണിയ്ക്ക് ശേഷം സഞ്ജു ചെന്നൈയുടെ നായകനാവുമോ? സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഇന്ത്യൻ താരം..

sanju samson

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. 2023ലെ ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ കിരീടത്തിൽ എത്തിക്കാൻ മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിരുന്നു. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി മഹേന്ദ്ര സിംഗ് ധോണി എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ധോണിക്ക് പകരക്കാരനായി ഒരു താരത്തെ കണ്ടെത്തേണ്ടതുണ്ട്. വലിയ അഭ്യൂഹങ്ങൾ തന്നെയാണ് ഇതിന് പിന്നാലെ വന്നെത്തിയത്.

ധോണിയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് സമീപിച്ചിരുന്നു എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നു. രവിചന്ദ്രൻ അശ്വിൻ ഇതേ സംബന്ധിച്ച് സംസാരിച്ചു എന്നായിരുന്നു മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അശ്വിൻ ഇപ്പോൾ.

“സഞ്ജു സാംസണെ മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് സമീപിച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റനായി തുടരാനാണ് സഞ്ജുവിനോട് ചെന്നൈ നിർദേശിച്ചത്. ഇത് ഏകദേശം ഉറപ്പാവുകയും ചെയ്തിരുന്നു. എന്നാൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും ഭാവിയിൽ സഞ്ജു ചെന്നൈ ടീമിന്റെ നായകനായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. “- അശ്വിൻ പറഞ്ഞു എന്ന രൂപത്തിൽ ഇത്തരം ഒരു പ്രസ്താവനയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല എന്നാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണെന്നും, തന്നെ ഉദ്ധരിച്ചുകൊണ്ട് ഇത്തരം നുണകൾ പ്രചരിപ്പിക്കരുത് എന്നും അശ്വിൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

Read Also -  "ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും"- സഞ്ജു പറയുന്നു..

നിലവിൽ ധോണി കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനാവാൻ ഏറ്റവും സാധ്യതയുള്ള താരം ഋതുരാജാണ്. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ഉപ നായകനാണ് ഋതുരാജ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ധോണിക്കൊപ്പം ഉപ നായകനായി ഋതുരാജ് ചെന്നൈ ടീമിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ധോണി വിരമിച്ചതിന് ശേഷം ഋതുരാജിനെയാവും ചെന്നൈ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുക. മാത്രമല്ല കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാനും ഋതുരാജിന് സാധിച്ചിട്ടുണ്ട്.

മുൻപ് രവീന്ദ്ര ജഡേജയെ ധോണിയുടെ പിൻഗാമിയായി കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഋതുരാജ് നായകനായാൽ ചെന്നൈയെ സംബന്ധിച്ച് ഒരുപാട് ഗുണങ്ങളാണുള്ളത്. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങളാണ് ഋതുരാജ് കാഴ്ച വെച്ചിട്ടുള്ളത്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാനും ഋതുരാജിന് സാധിച്ചിരുന്നു. ഋതുരാജിന്റെ ഈ ഫോം ചെന്നൈയ്ക്ക് വലിയ ആവേശം നൽകുന്നതാണ്.

Scroll to Top