“ഭയമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്, അതിൽ ടീം വിജയിച്ചു” നായകൻ സൂര്യകുമാർ യാദവ് പറയുന്നു.

axar and surya

ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ മത്സരത്തിൽ വിജയം നേടിയതോടെ ട്വന്റി20 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പൂർണ്ണമായും യുവതാരങ്ങൾ അണിനിരന്ന ഇന്ത്യൻ ടീമാണ് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ ആവേശവും നൽകുന്നുണ്ട്.

2024 ട്വന്റി20 ലോകകപ്പിലേക്ക് യുവതാരങ്ങളെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിന്റെ ഭാഗമായി മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെപ്പറ്റി മത്സരശേഷം നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

ഭയപ്പാടില്ലാതെ കളിക്കുക എന്ന പോളിസിയാണ് തങ്ങൾ സ്വീകരിച്ചത് എന്നാണ് സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞത്. ” ടോസൊഴികെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അനുകൂലമായി മാറുകയായിരുന്നു. മൈതാനത്ത് എത്തിയ എല്ലാ താരങ്ങളും മികവ് പുലർത്തി. അതായിരുന്നു ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മത്സരത്തിന് മുൻപ് ഞങ്ങൾ ടീം മീറ്റിങ്ങിൽ സംസാരിച്ച കാര്യം മൈതാനത്ത് എത്തിയശേഷം ഭയപ്പാടില്ലാതെ കളിക്കുക എന്നത് തന്നെയാണ്.

അക്ഷർ പട്ടേലിന് മുകളിൽ സമ്മർദ്ദം ചെലുത്തുക എന്നത് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ വളരെ മികച്ച രീതിയിൽ പന്തറിയാൻ അക്ഷറിന് സാധിക്കും. ഇന്ന് അക്ഷർ അവിശ്വസനീയമായ ബോളിങ്‌ പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഓവറുകളിൽ കൃത്യമായി യോർക്കറുകൾ എറിയാൻ തന്നെയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. “- സൂര്യകുമാർ യാദവ് പറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അതേസമയം ഇന്ത്യൻ സ്പിന്നർമാർ മികവ് പുലർത്തിയതാണ് തങ്ങൾ മത്സരത്തിൽ പരാജയപ്പെടാൻ കാരണമെന്ന് ഓസ്ട്രേലിയൻ നായകൻ മാത്യു വെയ്ഡ് പറയുകയുണ്ടായി. “ഞങ്ങൾ ഇന്ത്യയുടെ സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിച്ചില്ല. മധ്യ ഓവറുകളിൽ ഞങ്ങൾക്ക് കുറച്ചധികം വിക്കറ്റുകളും നഷ്ടമായി. ബോളിങ്ങിൽ പ്രധാന താരങ്ങൾ മികവ് പുലർത്തുകയുണ്ടായി.”

” പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്ക് ബാറ്റിംഗിൽ വലിയ രീതിയിൽ തിളങ്ങാൻ സാധിച്ചില്ല. ഞങ്ങളുടെ താരങ്ങളെ സംബന്ധിച്ച് ഇതൊരു പഠന സമയമാണ്. ട്വന്റി20 ലോകകപ്പിന് മുൻപ് ഈ സ്ക്വാഡിൽ വലിയ ഡെപ്ത് കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- മാത്യു വെയ്ഡ് പറഞ്ഞു.

എന്തായാലും മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. അതിനുശേഷം വലിയൊരു തിരിച്ചുവരവ് ഇന്ത്യക്ക് ആവശ്യമായിരുന്നു. ഈ സമയത്താണ് ട്വന്റി20 പരമ്പരയിൽ യുവതാരങ്ങൾ നേടിയ ഈ വമ്പൻ വിജയം പ്രതീക്ഷയായി മാറുന്നത്. ഇത്തരത്തിൽ വരും മത്സരങ്ങളിലും മികവ് പുലർത്തി ട്വന്റി20 ലോകകപ്പിന് പൂർണമായും സജ്ജമാവുക എന്നതാണ് ഇന്ത്യയുടെ നിലവിലെ ലക്ഷ്യം.

Scroll to Top