നാളെയാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ പോരാട്ടം. അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30നാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും അതിശക്തരായതിനാൽ മത്സരഫലം പ്രവചിക്കാൻ പറ്റില്ല. എന്നാൽ കളിക്കാരുടെ ഫോമിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാണ് ചെറിയ മുൻതൂക്കം. ഇപ്പോഴിതാ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ.
ഇംഗ്ലണ്ട് ഇന്ത്യയെ ഭയക്കണം എന്നും, ഇംഗ്ലണ്ടിനേക്കാൾ മികച്ച ടീമാണ് ഇന്ത്യ എന്നുമാണ് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞത് “20-20 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഇംഗ്ലണ്ട് ആരാധകർ പറയുന്നത് എതിരാളികളായി ഇന്ത്യ വേണ്ടായിരുന്നുവെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനെ പേടിക്കേണ്ടത്. ഈ കാലഘട്ടത്തിൽ ഇന്ത്യയേക്കാൾ മികച്ച വൈറ്റ് ബോൾ ടീമാണ് തങ്ങളെന്ന് ഇംഗ്ലണ്ട് തെളിയിച്ചുകഴിഞ്ഞതാണ്.
അഡ്‌ലെയ്ഡിൽ ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന ആരാധക പിന്തുണയായിരിക്കും ഇന്ത്യയെ ഫേവറൈറ്റ്സുകളാക്കുന്നത്. കാണികളിൽ 95 ശതമാനവും ഇന്ത്യൻ ആരാധകരായിരിക്കും, പക്ഷേ അതവരിൽ കൂടുതൽ സമ്മർദം ചെലുത്തും. ഇംഗ്ലണ്ടാകട്ടെ പൊതുവെ ആ അന്തരീക്ഷത്തെ ഇഷ്ടപെടുന്നവരാണ്.എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടുമോയെന്നതാണ്, കാരണം മികച്ച ബൗളിങ് നിര അവർക്കുണ്ട്. ഇംഗ്ലണ്ട് ചേസിങിൽ മികച്ചവരല്ല.”- മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു.
22 പ്രാവശ്യമാണ് ഇന്ത്യയും ഇംഗ്ലണ്ടും 20-20യിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 12 തവണ ഇന്ത്യക്കായിരുന്നു വിജയം. 10 പ്രാവശ്യം ഇംഗ്ലണ്ട് വിജയിച്ചു. അഞ്ചു പ്രാവശ്യം ഇന്ത്യ ഇംഗ്ലണ്ടിലെ അവരുടെ നാട്ടിലാണ് വിജയിച്ചത്. ഈ കണക്കുകളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ലോകകപ്പ് വലിയ ടൂർണമെന്റുകളിലെ സെമിഫൈനലിൽ കണക്കിൻ്റെ കളികൾക്ക് സ്ഥാനമില്ല എന്നതാണ് സത്യം.