കിങ് കോഹ്ലിയുടെ റെക്കോർഡും തകർന്നു :ഇനി ടി :20 പട്ടികയിൽ ഗുപ്റ്റിൽ രാജാവ്

ഇന്ത്യ :ന്യൂസിലാൻഡ് ടി :20 ക്രിക്കറ്റ്‌ പരമ്പര എല്ലാ ആരാധകരിലും വളരെ അധികം സന്തോഷമാണ് സൃഷ്ടിക്കുന്നത്. ഏറെ നാളുകൾക്ക്‌ ശേഷം ഇന്ത്യയിൽ നടക്കുന്ന ഒരു മത്സരത്തിൽ ഫുൾ കാണിക്കളുമായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഒന്നാം ടി :20യിൽ ഇന്ത്യൻ ടീം ജയം നേടിയപ്പോൾ റാഞ്ചിയിലെ രണ്ടാം ടി :20യിലും ടോസ് ഭാഗ്യം നായകൻ രോഹിത് ശർമ്മക്ക്‌ ഒപ്പം നിന്നത് ശ്രദ്ധേയമായി. നേരത്തെ ടി :20 ലോകകപ്പിൽ നായകനായ വിരാട് കോഹ്ലിക്ക് ടോസ് ലഭിക്കാതെ പോയത് ചർച്ചയായി മാറിയിരുന്നു. ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും കിവീസ് ഓപ്പണർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ സ്റ്റാർ പേസർ ഭുവിക്കെതിരെ തുടരെ സിക്സ് നേടിയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തി.

എന്നാൽ ആദ്യത്തെ പവർപ്ലെക്കുള്ളിൽ തന്നെ ഗുപ്റ്റിൽ വിക്കറ്റ് വീഴ്ത്തി പേസർ ദീപക് ചഹാർ ഇന്ത്യക്ക് ആശ്വാസമായി. 15 പന്തുകളിൽ നിന്നും 3 ഫോറും 2 സിക്സ് അടക്കം 31 റൺസ് നേടിയ ഗുപ്റ്റിലിനെ റിഷഭ് പന്ത് ക്യാച്ച് സ്വന്തമാക്കിയാണ് മടക്കിയത്. ആദ്യത്തെ ടി :20യിലും ദീപക് ചഹാർ കിവീസിന്റെ ഓപ്പണർ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ അപൂർവ്വമായ ഒരു നേട്ടത്തിലേക്ക് കൂടി ഗുപ്റ്റിൽ എത്തി. ഇന്ത്യൻ താരം വിരാട് കോഹ്ലിയെയാണ് കിവീസ് സീനിയർ താരം മറികടന്നത്.

ഇന്നത്തെ മത്സരത്തിലെ 31 റൺസിന് പിന്നാലെ അന്താരാഷ്ട്ര ടി :20യിൽ ഏറ്റവും അധികം റൺസ് അടിച്ച ബാറ്റ്‌സ്മാനായി ഗുപ്റ്റിൽ മാറി.111 മത്സരങ്ങളിൽ നിന്നായി 3248 റൺസ് ഗുപ്റ്റിൽ അടിച്ചെടുത്തപ്പോൾ 95 ടി :20 മത്സരങ്ങളിൽ നിന്നായി 3227 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം.117 ടി :20 മത്സരങ്ങളിൽ നിന്നായി 3086 റൺസ് നേടിയിട്ടുള്ള രോഹിത് ശർമ്മയാണ് ഈ ലിസ്റ്റിലെ മൂന്നാമൻ.നേരത്തെ ആദ്യത്തെ ടി:20യിൽ ഗുപ്റ്റിൽ 70 റൺസ് നേടിയിരുന്നു.