ഇന്നലെയായിരുന്നു ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. മത്സരത്തിൽ പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഹൈദരാബാദ് സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. പഞ്ചാബിനെതിരെ അനായാസ വിജയമായിരുന്നു ഹൈദരാബാദ് ഇന്നലെ സ്വന്തമാക്കിയത്.
പഞ്ചാബ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ മറികടന്നു. മത്സരത്തിൽ പഞ്ചാബിന് പൊരുതാൻ സാധിക്കുന്ന സ്കോർ നൽകിയത് നായകൻ ധവാന്റെ 99 റൺസ് ആയിരുന്നു. പുറത്താകാതെ 66 പന്തുകളിൽ നിന്നുമായിരുന്നു ധവാൻ 99 റൺസ് നേടിയത്.
12 ഫോറുകളും അഞ്ച് സിക്സറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 9 പഞ്ചാബ് താരങ്ങളാണ് ഇന്നലെ രണ്ടക്കം കാണാതെ പുറത്തായത്. മത്സരത്തിൽ തോറ്റെങ്കിലും മികച്ച താരമായി തിരഞ്ഞെടുത്തത് ധവാൻ ആയിരുന്നു. ഇപ്പോൾ ഇതാ ധവാനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ബ്രയാൻ ലാറ.
“ധവാനെ അഭിനന്ദിക്കണം. ട്വൻ്റി-ട്വൻ്റി ക്രിക്കറ്റിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു ഇത്. അദ്ദേഹം എങ്ങനെയാണ് സ്ട്രൈക്ക് റേറ്റ് വളർത്തിയെടുത്തതെന്നും ഗെയിം നിയന്ത്രിച്ചതെന്നും ഇത്രയും ചെറിയ സ്കോറിൽ 99 റൺസ് നേടിയതെന്നും നിങ്ങൾ വിശകലനം ചെയ്യണം. അദ്ദേഹത്തിൻ്റെ ഇന്നിങ്സിനെ ബഹുമാനിക്കുന്നു.”- ലാറ പറഞ്ഞു.