കുൽദീപിന് മുൻപിൽ ഉത്തരമില്ലാതെ ഗ്ലെൻ മാക്സ്വൽ. ഇന്ത്യക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ കുൽദീപ് യാദവിന്റെ ഒരു തകർപ്പൻ പന്തിലാണ് മാക്സ്വെല്ലിന്റെ കുറ്റിതെറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ തകരുന്ന സമയത്താണ് മാക്സ്വെൽ ക്രീസിലെത്തിയത്. ആദ്യ കുറച്ചു പന്തുകളിൽ വളരെ പക്വതയോടെ മാക്സ്വെൽ കളിച്ചു. അതിനാൽ തന്നെ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു മാക്സ്വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചു കൊണ്ടാണ് കുൽദീപ് യാദവ് അൽഭുത ബോളിൽ മാക്സ്വെല്ലിന്റെ കുറ്റി പിഴുതെറിഞ്ഞത്.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 36ആം ഓവറിലെ അഞ്ചാം പന്തലായിരുന്നു കുൽദീവ് മാക്സ്വെല്ലിനെ ചുരുട്ടി കെട്ടിയത്. ഒരു ഫാസ്റ്റ് ലെഗ് സ്പിൻ പന്തായിരുന്നു കുൽദീപ് എറിഞ്ഞത്. ബോളിന്റെ ലെങ്ത് കുറച്ച് ഷോർട്ട് ആയതിനാൽ തന്നെ മാക്സ്വെൽ ഒരു പുൾ ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ ടേൺ ചെയ്തു വന്ന പന്ത് മാക്സ്വെല്ലിന്റെ ബാറ്റിൽ കൊള്ളാതെ കൃത്യമായി ലെഗ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു.
ഇതോടെ മാക്സ്വെൽ കൂടാരം കയറി. മത്സരത്തിൽ 25 പന്തുകളിൽ 15 റൺസ് മാത്രമാണ് മാക്സ്വെല്ലിന് നേടാൻ സാധിച്ചത്. ഒരു ചെറു ചിരിയോടെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ മാക്സ്വെല്ലിന്റെ പുറത്താവൽ ആഘോഷിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചർ മാർഷിനെ ഡക്കിന് പുറത്താക്കിയാണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസ്ട്രേലിയയ്ക്ക് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് സമ്മാനിച്ചു. വാർണർ 52 പന്തുകളിൽ 41 റൺസ് നേടിയപ്പോൾ, സ്റ്റീവ് സ്മിത്ത് 71 പന്തുകളിൽ 46 റൺസാണ് നേടിയത്.
എന്നാൽ ഇന്ത്യയുടെ സ്പിന്നർമാർ കളത്തിലെത്തിയതോടെ ഇരുവർക്കും കൂടാരം കയറിയേണ്ടി വന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ സ്പിന്നർമാർ വിക്കറ്റുകൾ കണ്ടെത്തി. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമായിരുന്നു ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായത്.
മത്സരത്തിലുടനീളം ഓസ്ട്രേലിയ പതറുന്നതാണ് കാണാൻ സാധിച്ചത്. ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് പഴികേട്ട ജഡേജയുടെ തിരിച്ചുവരവും മത്സരത്തിൽ കാണാൻ സാധിച്ചു. എന്തായാലും 2023 ഏകദിന ലോകകപ്പിൽ മികച്ച ഒരു തുടക്കം തന്നെയാണ് ഇന്ത്യയുടെ ബോളർമാർ ടീമിന് നൽകിയിരിക്കുന്നത്. ഓസ്ട്രേലിയൻ ടീമിനെ എത്രയും വേഗം പുറത്താക്കി മികച്ച ഒരു വിജയം സ്വന്തമാക്കാനാണ് നിലവിൽ ഇന്ത്യയുടെ ശ്രമം.