ജഡേജയുടെ അൺപ്ലേയബിൾ മാജിക് ബോൾ. സ്മിത്തിന്റെ കുറ്റി പറത്തി.

Untitled 1

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഒരു അവിസ്മരണീയ പന്തുമായി രവീന്ദ്ര ജഡേജ. ഒരു ബാറ്റർക്കും കളിക്കാൻ സാധിക്കാത്ത ജഡേജയുടെ പന്തിൽ കുറ്റിതെറിച്ചത് ഓസ്ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്തിന്റെതായിരുന്നു. സ്മിത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ടേൺ ചെയ്തു വന്ന പന്ത് പിഴുതെറിയുകയാണ് ഉണ്ടായത്.

മത്സരത്തിൽ, ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ സമയത്താണ് സ്മിത്തിന്റെ വിക്കറ്റ് ലഭിച്ചിരിക്കുന്നത്. ക്രീസിലുറച്ച് ഒരു സെഞ്ചുറി ലക്ഷ്യം വച്ചായിരുന്നു സ്മിത്ത് നീങ്ങിയത്. എന്നാൽ ജഡേജയുടെ മാസ്മരിക ബോളിങ്ങിൽ സ്മിത്ത് അടിയറവ് പറഞ്ഞിരിക്കുകയാണ്.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ 28ആം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗുഡ് ലെങ്തിലാണ് ജഡേജ എറിഞ്ഞത്. പന്ത് പ്രതിരോധിക്കാനാണ് സ്മിത്ത് ശ്രമിച്ചത്. എന്നാൽ കൃത്യമായി ടേണ്‍ ചെയ്ത് എതിർ ദിശയിലേക്ക് പന്ത് ചലിച്ചു. സ്മിത്തിന്റെ ബാറ്റിൽ കൊള്ളാതെ പന്ത് നേരെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. പന്തിന്റെ ദിശ നിർണയിക്കാൻ സാധിക്കാതെ വന്ന സ്മിത്ത് ഒരു ചെറു ചിരിയോടെ കളം വിടുകയാണ് ഉണ്ടായത്. മത്സരത്തിൽ 71 പന്തുകൾ നേരിട്ട സ്മിത്ത് 46 റൺസാണ് നേടിയത്. 5 ബൗണ്ടറികൾ സ്മിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ തുടക്കത്തിൽ തന്നെ പുറത്താക്കി ബൂമ്ര ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് വാർണറും സ്മിത്തും ക്രീസിലുറക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. ശേഷം കുൽദീപ് യാദവിന്റെ പന്തിൽ ക്യാച്ച് നൽകി വാർണർ പുറത്താവുകയാണ് ഉണ്ടായത്. ശേഷമായിരുന്നു മൂന്നാം വിക്കറ്റിൽ സ്മിത്തും ലബുഷൈനും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

എന്നാൽ ഇന്ത്യയുടെ സ്പിൻ ആക്രമണത്തിനെതിരെ കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ ഓസ്ട്രേലിയൻ ബാറ്റർമാർക്ക് സാധിച്ചില്ല. ശേഷം വലിയൊരു ഇന്നിംഗ്സ് സ്വപ്നം കണ്ട സ്മിത്തിനെ ജഡേജ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ നിൽക്കുന്നത്. ഓസ്ട്രേലിയയെ 270 ന് താഴെ ഒരു സ്കോറിലൊതുക്കി മത്സരം കൈപ്പിടിയിൽ ഒതുക്കാനാണ് ഇന്ത്യൻ ബോളിഗ് നിരയുടെ ശ്രമം. ചെന്നൈയിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നത് ഇന്ത്യയ്ക്ക് ഗുണമായിട്ടുണ്ട്.

Scroll to Top