കംഗാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളര്‍മാര്‍. ഓസീസ് നേടിയത് കേവലം 199 റൺസ്.

cwc 2023 india vs australia

തങ്ങളുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനെ ചുരുട്ടിക്കെട്ടി ഇന്ത്യ. വലിയ സ്കോർ പ്രതീക്ഷിച്ച് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് കേവലം 199 റൺസ് മാത്രമാണ് തങ്ങളുടെ ഇന്നിംഗ്സിൽ കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്പിൻ ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം നൽകിയത്. ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമാണ് മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത്. മറുവശത്ത് ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ബുമ്രയും മികവ് പുലർത്തുകയായിരുന്നു. മറ്റു ബോളർമാരും മികച്ച പിന്തുണ നൽകിയതോടെ ഓസ്ട്രേലിയൻ ഇന്നിംഗ്സ് ചെറിയ സ്കോറിൽ ഒതുങ്ങി.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മിച്ചർ മാർഷിനെ ഡക്കായി പുറത്താക്കിയാണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി കെട്ടിപ്പടുത്തു. ഡേവിഡ് വാർണർ 52 പന്തുകളിൽ 41 റൺസാണ് മത്സരത്തിൽ നേടിയത്. സ്റ്റീവ് സ്മിത്ത് 71 പന്തുകളിൽ 46 റൺസ് നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 69 റൺസിന്റെ കൂട്ടുകെട്ട് ഓസ്ട്രേലിയക്കായി സൃഷ്ടിച്ചു. എന്നാൽ ഇന്ത്യയുടെ സ്പിന്നർമാർ കളത്തിലെത്തിയതോടെ മത്സരം മാറിമറിയുകയായിരുന്നു.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ഓസ്ട്രേലിയൻ ബാറ്റർമാരെ ക്രീസിൽ പിടിച്ചു കെട്ടി. വമ്പൻ ഷോട്ടുകൾക്ക് മുതിർന്നവരെയൊക്കെയും അത്ഭുത ബോളുകളിൽ പുറത്താക്കി ഇരു സ്പിന്നർമാരും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. ഓസ്ട്രേലിയൻ നിരയിൽ മാക്സ്വെൽ(15) അടക്കമുള്ളവർ പൊരുതാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. സ്പിന്നർ കുൽദീപ് യാദവും ബുമ്രയും രണ്ട് വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.

ഇങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് കേവലം 199 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈയിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നതാണെങ്കിലും ഇത്ര ചെറിയ സ്കോർ പ്രതിരോധിക്കാൻ ഓസ്ട്രേലിയക്ക് സാധിക്കുമോ എന്നത് സംശയം തന്നെയാണ്. മാത്രമല്ല 2023 ഏകദിന ലോകകപ്പിൽ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ബോളർമാർ നൽകിയിരിക്കുന്നത്. വമ്പൻമാരായ ഓസ്ട്രേലിയക്കെതിരെ വലിയൊരു വിജയം സ്വന്തമാക്കി ലോകകപ്പ് പ്രതീക്ഷകൾ വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Scroll to Top