ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ചൊരു തുടക്കം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം ഇംഗ്ലണ്ടിനെ കേവലം 218 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യൻ സ്പിന്നർമാരുടെ മികവാർന്ന ബോളിങ് പ്രകടനമാണ് ഇത്തരത്തിൽ ഒരു വലിയ അനുകൂല ഫലത്തിന് കാരണമായത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റുകളാണ് കുൽദീപ് യാദവ് സ്വന്തമാക്കിയത്. തന്റെ നൂറാം മത്സരം കളിക്കുന്ന രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റുകളും സ്വന്തമാക്കി. ഇങ്ങനെയാണ് ഇംഗ്ലണ്ടിനെ കേവലം 218 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്. എന്നാൽ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് ശേഷം അശ്വിനും കുൽദീപും തമ്മിലുള്ള സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ഒരു നിമിഷമുണ്ടായി.
തന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരം കളിക്കുന്ന രവിചന്ദ്രൻ അശ്വിനും, ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപ് യാദവും ഇന്നിംഗ്സിന് ശേഷം മടങ്ങുകയായിരുന്നു. സാധാരണഗതിയിൽ 5 വിക്കറ്റ്കൾ സ്വന്തമാക്കിയ താരമാണ് ബോളുമായി കാണികളെ അഭിസംബോധന ചെയ്യാറുള്ളത്.
എന്നാൽ അശ്വിൻ തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്നതിനാൽ തന്നെ, കുൽദീപ് അശ്വിന് പന്ത് എറിഞ്ഞു കൊടുക്കുകയും കാണികളെ അഭിസംബോധന ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അശ്വിൻ ഇതിന് തയ്യാറായില്ല. സാധാരണഗതിയിൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബോളർമാരാണ് ഇത്തരത്തിൽ അഭിസംബോധന ചെയ്യാറുള്ളത്.
ബോൾ തന്റെ കയ്യിലെത്തിയ നിമിഷം തന്നെ അശ്വിൻ കുൽദീപിന് അത് തിരിച്ചു നൽകുകയാണ് ഉണ്ടായത്. ശേഷം ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയ കുൽദീപിനോട് കാണികളെ അഭിസംബോധന ചെയ്ത് മുൻപിലേക്ക് പോകാൻ അശ്വിൻ ആവശ്യപ്പെട്ടു. ആദ്യം കുൽദീപ് ഇത് സമ്മതിച്ചില്ലെങ്കിലും, അശ്വിന്റെ കൃത്യമായ ഇടപെടലിനോടുവിൽ സമ്മതിക്കേണ്ടിവന്നു.
അങ്ങനെ ധർമശാലയിൽ അണിനിറഞ്ഞ കാണികളെ അഭിസംബോധന ചെയ്താണ് കുൽദീപ് മൈതാനം വിട്ടത്. തനിക്ക് അശ്വിനുമായുള്ള ബന്ധത്തെപ്പറ്റി ഇന്നിങ്സിന് ശേഷം കുൽദീപ് സംസാരിക്കുകയുണ്ടായി.
“അശ്വിൻ ഭായ് എല്ലായിപ്പോഴും വളരെ ലാളിത്യവും മനുഷ്യത്വപരമായും പെരുമാറുന്ന വ്യക്തിയാണ്. എല്ലായിപ്പോഴും വളരെ നല്ല പെരുമാറ്റങ്ങളാണ് അശ്വിനിൽ നിന്ന് ഉണ്ടാവാറുള്ളത്. അദ്ദേഹത്തിന് 35 തവണ 5 വിക്കറ്റുകൾ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”
“അതിനാൽ തന്നെ ഇപ്പോൾ ബോൾ നീ കയ്യിൽ വെച്ചോളൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.”- ഇന്നിംഗ്സിന് ശേഷം കുൽദീവ് യാദവ് പറഞ്ഞു. എന്തായാലും ഇരുബോളർമാരുടെയും വളരെ മികച്ച പ്രകടനത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് ആദ്യ ദിവസം മത്സരത്തിൽ വലിയ മേൽക്കോയ്മ തന്നെ ലഭിച്ചിട്ടുണ്ട്.